ഇടുക്കി: മുഖം മിനുക്കി അടിമാലി പൊലീസ് സ്റ്റേഷന്‍. പൊതുജനങ്ങള്‍ക്കിടയില്‍ പൊലീസ് സ്റ്റേഷനെ സംബന്ധിച്ച് നിലനില്‍ക്കുന്ന ഭയം ഒഴിവാക്കുന്നതിനും സ്റ്റേഷന്‍റെ സേവനം സംബന്ധിച്ച് ആളുകള്‍ക്കിടയില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനുമാണ് പുതിയ നടപടി. സ്റ്റേഷന്‍ കവാടത്തിലും മതിലിലും മനോഹര ചിത്രങ്ങള്‍ തീര്‍ത്തതിനൊപ്പം മുറ്റത്തെ പൂന്തോട്ടവും ആകര്‍ഷണീയമാക്കി.
പൊലീസ് സേനക്കൊപ്പം സ്റ്റേഷനുകളും കൂടുതല്‍ ജനകീയമാകുന്നതിന്‍റെ ഉദാഹരണമാണ് അടിമാലി ജനമൈത്രി പൊലീസ് സ്റ്റേഷന്‍. റിസപ്ഷന് തൊട്ടുമുകളില്‍ സ്റ്റേഷന്‍റെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയിട്ടുള്ള ഡിജിറ്റല്‍ നോട്ടീസ് ബോര്‍ഡാണ് ശ്രദ്ധേയം. സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍, ഫോണ്‍ നമ്പറുകള്‍, മറ്റ് അറിയിപ്പുകള്‍ എന്നിവയെല്ലാം ഡിജിറ്റല്‍ ബോര്‍ഡില്‍ നിന്നും വായിച്ചെടുക്കാം. സ്റ്റേഷന്‍ കവാടവും മതിലുകളും വിവിധ ചിത്രങ്ങള്‍ തീര്‍ത്ത് മനോഹരമാക്കിയിട്ടുണ്ട്. സ്റ്റേഷന്‍ മുറ്റത്തൊരുക്കിയിട്ടുള്ള പൂന്തോട്ടവും വര്‍ണ്ണ ചിത്രങ്ങളുമെല്ലാം അടിമാലി സ്റ്റേഷനെ കൂടുതല്‍ ജനകീയമാക്കുമെന്ന് മൂന്നാര്‍ ഡിവൈഎസ്‌പി എം. രമേശ് കുമാര്‍ പറഞ്ഞു.