ഇടുക്കി: പട്ടയം ലഭ്യമാക്കണമെന്ന കല്ലാര്‍കുട്ടി നിവാസികളുടെ ആവശ്യം ഇത്തവണത്തെ പട്ടയമേളയിലും യാഥാര്‍ത്ഥ്യമായില്ല. കല്ലാര്‍കുട്ടി അണക്കെട്ടിന്‍റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കാണ് നിരന്തരമായി പട്ടയം നിഷേധിക്കപ്പെടുന്നത്. ഇവിടെ പട്ടയം കാത്ത് കഴിയുന്നത് 3,800ലധികം കുടുംബങ്ങളാണ്. കല്ലാര്‍കുട്ടി അണക്കെട്ടിന്‍റെ ഇരുകരകളിലായി വെള്ളത്തൂവല്‍, കൊന്നത്തടി പഞ്ചായത്തുകളിലാണ് ഇവർ താമസിക്കുന്നത്.
പട്ടയം അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് രൂപം കൊണ്ട പട്ടയ അവകാശ സംരക്ഷണ വേദി കഴിഞ്ഞ കുറച്ച് നാളുകളായി സമരപാതയിലാണ്. മാസങ്ങള്‍ക്ക് മുമ്പ് കല്ലാര്‍കുട്ടി ടൗണിലടക്കം സംരക്ഷണവേദി സമരപരിപാടിക്ക് രൂപം നല്‍കിയിരുന്നു. വെള്ളത്തൂവല്‍ പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളിലും കൊന്നത്തടി പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലുമായി താമസിച്ച് വരുന്ന ആളുകള്‍ക്കാണ് പട്ടയം ലഭ്യമാകാനുള്ളത്. ജില്ലയുടെ മറ്റ് പലമേഖലകളിലും പട്ടയം ലഭ്യമാക്കുമ്പോഴും കല്ലാര്‍കുട്ടി നിവാസികളോട് അവഗണന തുടരുന്നുവെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.