ഇടുക്കി: ജില്ലയില്‍ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അടിമാലി താലൂക് ആശുപത്രിയും കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നതിന് നടപടി ആരംഭിച്ചുവെന്ന് കലക്ടർ എച്ച്. ദിനേശൻ. രണ്ട് ഓക്സിജൻ പ്ലാന്റ് കൂടി സ്ഥാപിക്കാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വായനയ്ക്ക്: കൊവിഡ് മാനദണ്ഡം ലംഘിച്ച് കട്ടപ്പന നഗരസഭ
നിലവിൽ ഇടുക്കിയിൽ പ്രതിസന്ധികളില്ല. എന്നാൽ ചില മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകുന്നത് ജനങ്ങളെ ആശങ്കയിലാക്കുമെന്നും ജില്ലാ കലക്ടർ പറഞ്ഞു. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്കായി ബെഡ്ഡുകള്‍ക്ക് ക്ഷാമമില്ല. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ബെഡ്ഡുകളും വെന്‍റിലേറ്റേറുകളും ആവശ്യത്തില്‍ ബാക്കിയാണ്. ഐ.സി.യു ബെഡ്ഡുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കുറവുണ്ട്. ഇതു പരിഹരിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിച്ചു വരുകയാണെന്നും കലക്ടര്‍ വ്യക്തമാക്കി.
സ്വകാര്യ ആശുപത്രികളില്‍ ഐ.സി.യു ബെഡ്ഡുകള്‍ വേണ്ടത്രയുണ്ട്. കൂടാതെ 98-നടുത്ത് ഓക്സിജന്‍ ബെഡ്ഡുകള്‍ ഉടന്‍ സജ്ജമാകും. ഇതിനു പുറമെ അടിമാലി താലൂക്ക് ആശുപത്രി കൊവിഡ് 'ആശുപത്രിയാക്കി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഇതോടെ, കൂടുതല്‍ ബെഡ്ഡുകള്‍ തയാറാക്കും. ഇടുക്കി മെഡിക്കൽ കോളേജിൽ ഒരു ഓക്സിജൻ പ്ലാന്റുകൂടി സ്ഥാപിക്കുന്നതിനൊപ്പം ജില്ലയിലെ മാറ്റ് രണ്ടു സർക്കാർ ആശുപത്രികളിൽ കൂടി ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാനും തീരുമാനിച്ചതായി കലക്ടർ വ്യക്തമാക്കി.
കൊവിഡ് പ്രതിരോധത്തിൽ രാജ്യത്തിനു തന്നെ മാതൃകയാണ് ഇടുക്കി. ആശുപത്രികളിൽ കിടക്കകള്‍ ഒഴിവില്ലെന്ന തരത്തിൽ ചില മാധ്യമങ്ങൾ നൽകുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും. തെറ്റായ വാർത്തകൾ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. അതേസമയം, 25 ശതമാനത്തിനു മുകളിലുണ്ടായിരുന്ന ഇടുക്കിയിലെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് കുറയുന്നതും ജില്ലക്ക് ആശ്വാസം പകരുന്നതാണ്.