വിനോദസഞ്ചാര ഭൂപടത്തിൽ അടിമാലിക്ക് പുതിയ ഇടം നൽകുവാൻ ലക്ഷ്യമിട്ടാണ് ബ്ലോക്ക് പഞ്ചായത്ത് ഷീ ലോഡ്ജ് എന്ന ആശയവുമായി രംഗത്തെത്തിയിട്ടുള്ളത്. 2019 - 20 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവിൽ ലോഡ്ജുകൾ തയ്യാറാക്കും. ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ പണികഴിപ്പിച്ചിട്ടുള്ള പ്രവർത്തനരഹിതമായ വനിതാ കേന്ദ്രങ്ങൾ മനോഹരമാക്കി, കുറഞ്ഞ ചിലവിൽ സഞ്ചാരികൾക്ക് തുറന്നു നൽകുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
വിനോദ സഞ്ചാരികളായ വനിതകൾക്ക് സുരക്ഷിത വാസസ്ഥലം ഒരുക്കുന്നതിനോടൊപ്പം പഞ്ചായത്തിന് വരുമാനം കണ്ടെത്തുന്നതിനും ഇതുവഴി സാധിക്കും. താമസത്തിന് ആവശ്യമായ ഗൃഹോപകരണങ്ങളും ലോഡ്ജിൽ ലഭ്യമാക്കി നൽകും. ആറുമാസത്തിനുള്ളിൽ പദ്ധതിയുടെ പൂർത്തീകരണം സാധ്യമാക്കാനാണ് അടിമാലി ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.