ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രി ശോചനീയാവസ്ഥയില്‍. മഴപെയ്‌താല്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ രേഖകള്‍ സൂക്ഷിക്കാനോ മരുന്നുകള്‍ സൂക്ഷിക്കാനോ ആവശ്യമായ ഇടമില്ല. ഒരു ഡോക്ടര്‍ അടക്കം അഞ്ച് ജീവനക്കാരാണ് ആശുപത്രിയിലുള്ളത്. ഈ സാഹചര്യത്തില്‍ ആശുപത്രിക്കായി പുതിയ കെട്ടിടം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
നേരത്തെ മൃഗസംരക്ഷണ വകുപ്പ് കെട്ടിട നിര്‍മ്മാണത്തിനുള്ള തുക അനുവദിച്ചാല്‍ കെട്ടിടം നിര്‍മിക്കാനുള്ള സ്ഥലം അനുവദിക്കാമെന്ന് പഞ്ചായത്ത് അറിയിച്ചിരുന്നു. ഇതു പ്രകാരം 2018ല്‍ കെട്ടിട നിര്‍മ്മാണത്തിനായി വകുപ്പ് 75 ലക്ഷം രൂപ അനുവദിച്ചു. ഫണ്ടനുവദിച്ചതോടെ പഞ്ചായത്ത് മച്ചിപ്ലാവില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ പത്ത് സെന്റ് ഭൂമിയും വിട്ടു നല്‍കി. തുക പൊതുമരാമത്ത് വകുപ്പിന് കൈമാറിയതായും ടെന്‍ഡര്‍ ജോലികള്‍ നടന്നതായുമാണ് വിവരം. പക്ഷെ നിര്‍മ്മാണ ജോലികള്‍ ഇനിയും ആരംഭിച്ചിട്ടില്ല. അടുത്ത വര്‍ഷകാലത്തിന് മുമ്പ് ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.