ഇടുക്കി: ചെറുതോണിയില്‍ മെഡിക്കല്‍ സ്‌റ്റോര്‍ ഉടമയ്‌ക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പ്രതികളെപ്പറ്റി സൂചന ലഭിച്ചതായും ഉടന്‍ കസ്റ്റഡിയിൽ എടുക്കുമെന്നും പൊലീസ്. ഇടുക്കി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മണിയാറന്‍ കുടി മേഖലയിലെ ചിലരിലേക്കാണ് അന്വേഷണം വ്യാപിച്ചിരിക്കുന്നത്. ആക്രമികൾ സഞ്ചരിച്ച ഇരുചക്ര വാഹനം ഈ മേഖലയിലേക്കാണ് പോയത്. മാത്രമല്ല മേഖലയില്‍ നിരവധി യുവാക്കള്‍ എംഡിഎംഎ അടക്കമുള്ള ലഹരി വസ്‌തുക്കള്‍ ഉപയോഗിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പൊലീസിന്‍റെ കണ്ടെത്തലുകള്‍: സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ സ്റ്റോറിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. രാത്രി 9 മണിക്ക് അക്രമികള്‍ മെഡിക്കല്‍ സ്‌റ്റോറിന് എതിര്‍വശത്ത് എത്തിയിട്ടുണ്ട്. കടയടച്ച് വാഹനത്തില്‍ കയറി വീട്ടിലേക്ക് മടങ്ങുമ്പോള്‍ സ്‌കൂട്ടറില്‍ പിന്നാലെ അക്രമികളും പിന്തുടര്‍ന്നു. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയതോടെ വാഹനം തടഞ്ഞ് നിര്‍ത്തി ആസിഡ് ഒഴിക്കുകയായിരുന്നു.
സംഭവ സ്ഥലത്ത് നിന്ന് പ്രതികള്‍ ആസിഡ് ഒഴിക്കാന്‍ ഉപയോഗിച്ച ഒരു കപ്പ് കണ്ടെത്തിയിട്ടുണ്ട്. വിരലടയാള വിദഗ്‌ധര്‍ പരിശോധന നടത്തിയെങ്കിലും പ്രതികള്‍ ഗ്ലൗസ് ഉപയോഗിച്ചതായി കണ്ടെത്തി. വീര്യം കൂടിയ ആസിഡാണ് പ്രതികള്‍ ഉപയോഗിച്ചതെന്നും പൊലീസ് പറഞ്ഞു.
ലഹരിയ്‌ക്ക് അടിമയായ യുവാക്കള്‍ അതിന്‍റെ പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കുന്നതിനായി മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ഇഞ്ചക്ഷനുകൾ വാങ്ങാനെത്താറുണ്ട്. എന്നാല്‍ ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെ ഇത്തരം മരുന്നുകള്‍ നല്‍കാത്തതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.
ചൊവ്വാഴ്‌ച രാത്രി 10.30 ഓടെയാണ് ചെറുതോണി സ്വദേശിയായ ലൈജുവിന് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. മെഡിക്കല്‍ സ്റ്റോര്‍ ഉടമയായ ലൈജു കടയടച്ച് വീട്ടിലേക്ക് മടങ്ങവേയാണ് ബൈക്കിലെത്തിയ രണ്ട് പേര്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. കാര്‍ നിര്‍ത്തിയതോടെ പ്രതികള്‍ നാളെ എപ്പോഴാണ് കട തുറക്കുകയെന്ന് അന്വേഷിച്ചു. ഇതിന് മറുപടി പറയാനായി കാറിന്‍റെ ഗ്ലാസ് താഴ്‌ത്തിയതോടൊയാണ് മുഖത്തേക്ക് ആസിഡ് ഒഴിച്ചത്. ലൈജു ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണത്തില്‍ ലൈജുവിന് 20 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഗുരുതര പൊള്ളലേറ്റ ലൈജു കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. ആക്രമണത്തെ തുടര്‍ന്ന് ലൈജുവിന് കാഴ്‌ച കുറവ് അനുഭവപ്പെടുന്നുണ്ട് മാത്രമല്ല ശരീരമാസകലം നീരുമുണ്ട്. ശരീരത്തിന് ഉള്ളിലെ ആസിഡിന്‍റെ സാന്നിധ്യം എത്രയുണ്ടെന്ന് കണ്ടെത്തിയാലെ ആരോഗ്യ നിലയെ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ സാധിക്കൂവെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. ആക്രമണത്തില്‍ ലൈജുവിന്‍റെ കാറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ആസിഡ് ആക്രമണത്തില്‍ പ്രതിഷേധവുമായി വ്യാപാരികള്‍: സംഭവത്തില്‍ പ്രതിഷേധവുമായി വ്യാപാരികള്‍ രംഗത്തെത്തി. ചെറുതോണി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. വ്യാപാരിയ്‌ക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തില്‍ കുറ്റക്കാരായവരെ ഉടന്‍ കണ്ടെത്തണമെന്നും അവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.
പൊലീസിന് എതിരെയും നേരത്തെ ആരോപണം: വ്യാപാരിയ്‌ക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തില്‍ പൊലീസിന് വീഴ്‌ചയുണ്ടായെന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നു. വിഷയത്തില്‍ പൊലീസിന്‍റെ കൃത്യമായ ഇടപെടല്‍ നടന്നിട്ടില്ലെന്നും ആശുപത്രിയിലെത്തി തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ പൊലീസ് വിമുഖത കാണിച്ചെന്നുമാണ് ആരോപണം.