ഇടുക്കി: മന്ത്രി എംഎം മണി സ്വന്തം ചിത്രം കൈയില്‍ പിടിച്ച് വോട്ടു ചോദിക്കാൻ വരികയാണെന്ന് തോന്നുന്നില്ലേ... പക്ഷേ ഇത് മന്ത്രി എംഎം മണിയല്ല, രാജാക്കാട് പഴയവിടുതി കണ്ടത്തിൽ പാപ്പനെന്ന് വിളിക്കുന്ന പാപ്പച്ചനാണ്. തെരഞ്ഞെടുപ്പുകളിൽ വിമത ശല്യവും അപര ശല്യവും സർവ സാധാരണമാണ്. എന്നാൽ ഉടുമ്പൻചോല മണ്ഡലത്തിൽ മത്സരിക്കുന്ന മന്ത്രി മണിയാശാന്‍റെ അപരന്‍റെ കഥ വേറെയാണ്. സാധാരണ അപരൻമാർ ശല്യമാണെങ്കില്‍ ഇത് മണിയാശാന്‍റെ സ്വന്തം ആളാണ്. ഈ അപരൻ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല, പക്ഷേ എംഎം മണിക്ക് വേണ്ടി ഓരോ വീട്ടിലും കയറി വോട്ടു ചോദിക്കുന്നതിന്‍റെ തിരക്കിലാണ് പാപ്പൻ.
രൂപത്തിലും ഭാവത്തിലും എന്തിനേറെ വസ്ത്രധാരണത്തിൽപ്പോലും മണിയാശാനുമായി പാപ്പന് സാദൃശ്യം ഏറെയാണ്. കാൽനടയായാണ് പാപ്പന്‍റെ പ്രചാരണം. രാജാക്കാട് സ്വകാര്യ ബസ് സ്റ്റാൻഡിലെ അനൗൺസറും പിരിവുകാരനുമെല്ലാമായ പാപ്പൻ പഴയകാല പാർട്ടി പ്രവർത്തകൻ കൂടിയാണ്. വാർധക്യ സഹജമായ രോഗങ്ങൾ അലട്ടുന്നുണ്ടെങ്കിലും അതൊന്നും പാപ്പന് പ്രശ്നമല്ല. രാവിലെ പഴയവിടുതിയിലെ വാടകവീട്ടിൽ നിന്ന് ആരംഭിക്കുന്ന പാപ്പന്‍റെ പ്രചാരണം വൈകിട്ട് ആറുവരെ നീളും. മണിയാശാൻ ജയിച്ച് വീണ്ടും മന്ത്രിയാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പാപ്പന്‍.