ഇടുക്കി: കൊവിഡ് ആഗോള തലത്തിൽ പടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ ജൂനിയര്‍ റെഡ് ക്രോസ് സംസ്ഥാനത്ത് ആവിഷ്‌കരിച്ച പദ്ധതിയാണ് 'കരുതലിനൊരു കൈത്താങ്ങ്; മാസ്‌ക് ചലഞ്ച് 2020'. കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും അധ്യാപക കൗണ്‍സിലര്‍മാരുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കൊവിഡിനെ പ്രതിരോധിക്കുവാന്‍ കുട്ടികളെ സ്വയം പരിശീലിപ്പിക്കുകയും ഒപ്പം മറ്റുള്ളവരെ ബോധവാന്മാരാക്കുകയുമാണ് കരുതലിനൊരു കൈത്താങ്ങ് പദ്ധതി എന്നതുകൊണ്ട് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തൊട്ടാകെ ഏകദേശം 800000ത്തോളം മാസ്‌കുകള്‍ ഇതിനോടകം സമാഹരിക്കുവാന്‍ സാധിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.
പരിപാടിയുടെ ഭാഗമായി സ്വരൂപിച്ച മാസ്‌കിന്‍റെ സംസ്ഥാനതല വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു നിര്‍വഹിച്ചു. ഇടുക്കി ജില്ലയില്‍ ജെ.ആര്‍.സി. കേഡറ്റുകളുടെ നേത്യത്വത്തില്‍ 30000 മാസ്‌കുകളാണ് വിതരണത്തിന് തയ്യാറായിരിക്കുന്നത്. തുണിയില്‍ തയ്യാറാക്കിയ മാസ്‌കില്‍ ജെ.ആര്‍.സി. എന്ന് നൂലുകൊണ്ട് ആലേഖനം ചെയ്തിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ ഏഴ് ഉപജില്ലാ കേന്ദ്രങ്ങളിലും രണ്ട് വിദ്യാഭ്യാസ കേന്ദ്രങ്ങളിലും മാസ്‌ക് ചലഞ്ച് വിതരണവും നടന്നു.
കരുതലിനൊരു കൈത്താങ്ങ് മാസ്‌ക് ചലഞ്ചിന്‍റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശശീന്ദ്രവ്യാസ് വി.എ നിര്‍വഹിച്ചു. ജൂണിയര്‍ റെഡ് ക്രോസ് ഇടുക്കി ജില്ല കോ- ഓഡിനേറ്റര്‍ ജോര്‍ജ് ജേക്കബ് ജില്ലാ തല ചടങ്ങിന് നേത്യത്വം നല്‍കി. ഉപജില്ലകളിലായി സമാഹരിച്ചിരിക്കുന്ന മാസ്‌കുകള്‍ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഹോസ്പിറ്റലുകള്‍, പൊലീസ് സ്റ്റേഷനുകള്‍, അനാഥാലയങ്ങള്‍, വ്യദ്ധസദനങ്ങള്‍, കോളനികള്‍, ജില്ലയിലെ സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്തു.