ഇടുക്കി: ആനചാലിൽ കുടുംബവഴക്കിനിടെ 6 വയസുകാരനെ ബന്ധു തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആമകണ്ടം റിയാസ് മൻസിലിൽ റിയാസിന്‍റെ മകന്‍ അബ്‌ദുൽ ഫത്താഹ് റൈഹാൻ(അല്‍ത്താഫ്) ആണ് മരിച്ചത്. അല്‍ത്താഫിന്‍റെ അമ്മയ്ക്കും മുത്തശ്ശിയ്ക്കും സഹോദരിയ്ക്കും പരുക്കേറ്റു. ബന്ധുവായ ഷാന്‍ മുഹമ്മദ് ചുറ്റിക കൊണ്ട് അൽത്താഫിന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം പ്രതിയായ ഷാൻ മുഹമ്മദ് ഒളിവിൽ പോയി.
ഞായറാഴ്‌ച പുലർച്ചെ ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട അൽത്താഫും മാതാവ് സഫിയയും ഒരു വീട്ടിലും അൽത്താഫിന്‍റെ സഹോദരി ആശ്‌മി ഫാത്തിമയും മുത്തശ്ശി സൈനബയും തൊട്ടടുത്ത മറ്റൊരു വീട്ടിലും ആയിരുന്നു ശനിയാഴ്ച അന്തിയുറങ്ങിയത്. മരണപ്പെട്ട കുട്ടിയുടെ സഹോദരി പുലർച്ചെ അയൽ വീടുകളിൽ എത്തി വിവരമറിയിച്ചപ്പോൾ ആണ് കൃത്യം സംബന്ധിച്ച് നാട്ടുകാർ അറിയുന്നത്.
കൊലപാതകത്തിൽ കലാശിച്ചത് കുടുംബവഴക്ക്
അൽത്താഫിന്‍റെ സഹോദരി നൽകിയ വിവര പ്രകാരം പ്രതിയായ ഷാൻ മുഹമ്മദ് ആദ്യം അൽത്താഫിനെയും മാതാവ് സഫിയയെയും ആക്രമിച്ചു. ശേഷം തൊട്ടടുത്തുള്ള മുത്തശ്ശി സൈനബയുടെ വീട്ടിൽ എത്തി. സൈനബയെ ചുറ്റിക കൊണ്ട് ആക്രമിക്കുകയും ഒപ്പമുണ്ടായിരുന്ന പതിനഞ്ചുകാരിയായ ആശ്‌മി ഫാത്തിമയെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്‌തു. ശേഷം മാതാവിനെയും സഹോദരനെയും ആക്രമിച്ച ദൃശ്യങ്ങൾ ഫോണിൽ കാണിക്കുകയും സമാനമായ രീതിയിൽ ആശ്‌മിയെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു.
ഇതിനിടെ കുതറി മാറിയ പെൺകുട്ടി സമീപത്തെ കമ്പിവേലിക്ക് അപ്പുറത്തേക്ക് എടുത്തുചാടി ഓടി രക്ഷപ്പെടുകയായിരുന്നു. ആറ് മണിയോടെയാണ് സമീപത്തെ വീട്ടിലെത്തി പെൺകുട്ടി സഹായം ചോദിക്കുന്നതും ക്രൂരമായ കൊലപാതകത്തിന്‍റെ കഥ പുറത്ത് അറിയിച്ചതും.
കുടുംബ വഴക്കാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിക്കാൻ ഉണ്ടായ കാരണം എന്നാണ് പ്രാഥമിക നിഗമനം. തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സഫിയയും മുത്തശ്ശി സൈനബയും കോലഞ്ചേരി മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികത്സയിലാണ്. അബ്‌ദുൽ ഫത്താഹിന്‍റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.
കോട്ടയത്ത് നിന്നുള്ള ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.