ഇടുക്കി: ശാന്തൻപാറ കോരാംപാറയിൽ 13 വയസുകാരിയെ വിഷം കഴിച്ചു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കഴിഞ്ഞ മാസം 19ാം തീയതിയാണ് കോരാംപാറ സ്വദേശിനിയായ തോട്ടം തൊഴിലാളിയുടെ മകളെ കീടനാശിനി ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് വഴക്കുണ്ടാക്കിയതിനെ തുടർന്ന് ഭക്ഷണം കഴിച്ച ശേഷം തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന പ്രായമായ വല്യമ്മയുടെ വീട്ടിൽ ഉറങ്ങാൻ പോയതായിരുന്നു പെൺകുട്ടി.
ഉറങ്ങുന്നതിനിടെ പെൺകുട്ടിയുടെ വായിൽ നിന്നും നുരയും പാതയും വരുന്നത് കണ്ട വല്യമ്മയാണ് ബന്ധുക്കളെയും പ്രദേശവാസികളെയും വിവരം അറിയിച്ചത്. തുടർന്ന് രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടി മരിച്ചിരുന്നു.
ഭക്ഷണം കഴിച്ച ശേഷം വല്യമ്മയുടെ വീട്ടിലേക്കു പോകുന്നതിനിടയിൽ വിഷം കഴിച്ചതാകാം എന്ന് പെൺകുട്ടിയുടെ മാതാവ് പറയുന്നു. രണ്ട് വർഷം മുൻപ് പിതാവ് തൂങ്ങി മരിച്ചിരുന്നു. പിതാവിന്‍റെ മരണം മാനസികമായി തകർത്തതാകാം കുട്ടിയെ വിഷം കഴിക്കാൻ പ്രേരിപ്പിച്ചതെന്നാണ് മാതാവ് പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്.
സംഭവത്തിൽ പ്രദേശവാസികൾ ദുരൂഹത ആരോപിച്ചതോടെ പെൺകുട്ടിയുടെ മൃതശരീരം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് അയച്ചിരുന്നു. കഴിഞ്ഞ ദിവസം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് പെൺകുട്ടി പീഡനത്തിന് ഇരയായതായി പുറംലോകം അറിയുന്നത്.
സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മാതാവിനെ കൂടുതൽ ചോദ്യം ചെയ്യും. യഥാർഥ പ്രതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികളും രംഗത്ത് എത്തിയതോടെ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് ശാന്തൻപാറ പൊലീസ്.
Also Read: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യത