സംസ്ഥാനത്തെ 10 ജില്ലകളിലെ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മുന്നേറ്റം. എൽ.ഡി.എഫ് 11 വാർഡുകൾ നേടിയപ്പോൾ യു.ഡി.എഫിന് ഏഴ് എണ്ണം മാത്രമേ നേടാനായുള്ളു. മലപ്പുറം കാവന്നൂർ പഞ്ചായത്തിലും തിരൂർ ബ്ലോക്ക് പഞ്ചായത്തിലും യു.ഡി.എഫിന് ഭരണം നഷ്ടമായി.
മലപ്പുറം കാവനൂർ പഞ്ചായത്തിലെ 16-ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷാഹിന 40 വോട്ടിന് വിജയിച്ചു . ഇതോടെ യു.ഡി.എഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി. ഒപ്പം തിരൂർ ബ്ലോക്ക് പഞ്ചായത്ത് പുറത്തൂർ ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.ഒ.ബാബുരാജ് വിജയിച്ചതോടെ യു.ഡി.എഫിന് ബ്ലോക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി. അതേസമയം വണ്ടൂർ ബ്ലോക്ക് ചെമ്പ്രശേരി ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ടി എച്ച് മൊയ്തീൻ വിജയിച്ചു.
പത്തനംതിട്ട റാന്നി ഗ്രാമപഞ്ചായത്ത് പുതുശേരിമല പടിഞ്ഞാറ് വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി 55 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 72.93 ശതമാനം പോളിങ് രേഖപ്പെടുത്തിയിയ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ സുധാകുമാരി 353, കോൺഗ്രസിലെ വി.എസ് രജനി 101,ബി.ജെ.പിയുടെ കെ.ബി.പ്രസന്നകുമാരി 298 എന്നിങ്ങനെ വോട്ടുനേടി.
കൊച്ചി കോർപ്പറേഷനിലെ വൈറ്റില ജനതാ വാർഡ് ഉൾപ്പെടെ യു.ഡി.എഫിന്‍റെ രണ്ട് സിറ്റിങ് സീറ്റുകൾ എൽ.ഡി.എഫ് പിടിച്ചെടുത്തു.അതേസമയം കോട്ടപ്പടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബിന്‍സി എല്‍ദോസ് വിജയിച്ചു. കോതമംഗലത്തെ ചേലാമറ്റം വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തിയതോടൊപ്പം ഒക്കല്‍ പഞ്ചായത്തിലെ 14 ാം വാര്‍ഡില്‍ യു.ഡി.എഫിലെ സീനാ ബെന്നി ജയിച്ചു.
തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ചാമ വിളപ്പുറം വാർഡിൽ എൽ.ഡി.എഫിന്‍റെ സിറ്റിങ് സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ സദാശിവൻ കാണി 145 വോട്ടിനാണ് സി.പി.എമ്മിലെ ദീപുവിനെ പരാജയപ്പെടുത്തിയത്. ഒറ്റശേഖരമംഗലം പളാം പഴഞ്ഞി വാർഡും കോൺഗ്രസ് നിലനിർത്തി. കോൺഗ്രസ് സ്ഥാനാർത്ഥി പ്രഭയാണ് 193 വോട്ടിന് വിജയിച്ചത് . ഇവിടെ ബി.ജെ.പിക്ക് രണ്ടാം സ്ഥാനം ലഭിച്ചു.
എൽ.ഡി.എഫിന്‍റെ സിറ്റിങ് സീറ്റായിരുന്ന വയനാട് ജില്ലയിലെ നെന്മേനി പഞ്ചായത്തിലെ മംഗലം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പത്മനാഭൻ 161 വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിച്ചു.