ശബരിമല യുവതീപ്രവേശനം സംബന്ധിച്ച വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. തുല്യതയാണ് വിധിയുടെ അടിസ്ഥാനമെന്നും തൊട്ടുകൂടായ്മയല്ലെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത പറഞ്ഞു. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി പൗരന്‍റെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതാണ്.
ആചാരകാര്യത്തില്‍ തന്ത്രി ആശയക്കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും സര്‍ക്കാര്‍ വാദിച്ചു. അയ്യപ്പവിശ്വാസികൾ പ്രത്യേക മതവിഭാഗമല്ല. യുവതികളെ വിലക്കുന്നത് ഹിന്ദുമതത്തിൽ അനിവാര്യമായ ആചാരമല്ല. ഒരു ക്ഷേത്രത്തിലെ മാത്രം ആചാരമാണത്. ഓരോ ക്ഷേത്രത്തെയും ഒരു മതവിഭാഗമായി കണക്കാക്കാനാകില്ല. ഓരോ ക്ഷേത്രത്തെയും ഒരു മതസമൂഹമായി കണക്കാക്കുന്നത് മതം സംബന്ധിച്ച ഭരണഘടനാപരമായ മാനദണ്ഡങ്ങൾക്ക് എതിരാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു. തന്ത്രിയുടെ വാദം വ്യാഖ്യാനം മാത്രമാണ്. അത് പുനഃപരിശോധനയ്ക്കാൻ തക്ക കാരണമല്ലെന്നും വാദം കേട്ടില്ലെന്നതും കാരണമായി ചൂണ്ടിക്കാട്ടാനാവില്ലെന്നും ജയദീപ് ഗുപ്ത വാദിച്ചു.
ഇപ്പോഴത്തെ എതിര്‍പ്പുകള്‍ മാറുമെന്നും സമാധാനം പുലരുമെന്നും പ്രതീക്ഷിക്കുന്നുവെന്നും ജയദീപ് ഗുപ്ത. ശബരിമല സംബന്ധിച്ച കേസുകൾ കേരള ഹൈക്കോടതി പരിഗണിക്കുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നിലവിൽ കേരള ഹൈക്കോടതിയിലുള്ള എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നും ജയദീപ് ഗുപ്ത സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.