എറണാകുളം : ഷവര്‍മ കഴിച്ചതിനെ തുടർന്നുള്ള ഭക്ഷ്യ വിഷബാധയെ തുടർന്ന് മരിച്ചു (Youth Suspected Of Food Poisoning Died) എന്ന് സംശയിക്കുന്ന കോട്ടയം സ്വദേശിയായ രാഹുൽ(24) ന്‍റെ പോസ്റ്റ്‌മോർട്ടം ഇന്ന്. കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. അതേസമയം മരണകാരണം കണ്ടെത്തുന്നതിനുള്ള രക്തപരിശോധന ഫലം ഇന്ന് ലഭിക്കും.
ഗുരുതരാവസ്ഥയില്‍ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴച ഉച്ചയ്‌ക്ക് 2:55 നാണ് രാഹുൽ മരണപ്പെട്ടത്. ആന്തരികാവയവങ്ങളിലുണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് ചികിത്സ തേടിയ ആശുപ്രതി അറിയിച്ചത്. അതേസമയം ഇതിനിടയാക്കിയത് ഭക്ഷ്യ വിഷബാധയാണോയെന്ന് രക്ത പരിശോധനയിലൂടെയാണ് സ്ഥിരീകരിക്കേണ്ടത്.
രോഗി മരണപ്പെട്ട സാഹചര്യത്തിൽ പോസ്റ്റ്‌മോർട്ടത്തിലൂടെയും മരണകാരണം കണ്ടെത്താൻ കഴിയും. യുവാവിന്‍റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെന്നും വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യുവാവിന്‍റെ ബന്ധുക്കളുടെ പരാതിയില്‍ തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടല്‍ പൂട്ടിച്ചിരുന്നു.
തൃക്കാക്കര പൊലീസ് (Thrikkakara Police) സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. കാക്കനാട്ടെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയായ രാഹുൽ കഴിഞ്ഞ 18നാണ് കാക്കനാട് മാവേലിപുരത്തെ സ്വകാര്യ ഹോട്ടലില്‍ നിന്ന് ഷവര്‍മ (Shawarma) വാങ്ങി കഴിച്ചത്. ഓണ്‍ലൈൻ വഴി പാർസലായാണ് ഷവർമ വാങ്ങിയത്.
ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെത്തുടര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ യുവാവ് ആരോഗ്യനില മോശമായതോടെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി ഭക്ഷ്യ സാംപിൾ ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ഹോട്ടലിനെതിരെ യുവാവിന്‍റെ ബന്ധുക്കളുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് അന്വേഷണം നടത്തുന്നത്.
Also Read : Youth Dies Due To Food Poison: ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; അന്വേഷണവുമായി പൊലീസ്
അന്നേ ദിവസം ഇതേ ഹോട്ടലിൽ നിന്നും നൂറുകണക്കിനാളുകൾ ഷവർമ കഴിച്ചെങ്കിലും ആർക്കും ആരോഗ്യ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഈ ഒരു സാഹചര്യത്തിൽ പരിശോധന ഫലം ലഭിച്ച ശേഷം മാത്രമേ മരണകാരണം ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചതാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ. പൊലീസും ഭക്ഷ്യ സുരക്ഷ വിഭാഗവും ഇതിന് ശേഷമായിരിക്കും കടുത്ത നടപടികളിലേക്ക് പ്രവേശിക്കുക. ആരോപണ വിധേയമായ ഹോട്ടലിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി.