എറണാകുളം: പീഡന വിവരം മറച്ചുവച്ചതിന് മന്ത്രി എകെ ശശീന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പരാതി നൽകി. പീഡന പരാതി ഒതുക്കി തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയുടെ അച്ഛനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് ക്രിമിനല്‍ കുറ്റകരമാണെന്ന് പരാതിയിൽ പറയുന്നു. യൂത്ത് ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്‍റ് അഡ്വ.സജലാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയത്.
എന്‍സിപി സംസ്ഥാന നിര്‍വാഹകസമിതി അംഗവും കുണ്ടറയിലെ കാവേരി, ഗംഗ എന്നീ ബാര്‍ ഹോട്ടലുകളുടെ ഉമയുമായ ജി. പത്മാകരന്‍, കേസിലെ പരാതിക്കാരിയെ മാര്‍ച്ച് ആറിന് കുണ്ടറയില്‍ വച്ച് ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും പൊതുമധ്യത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത വിഷയം അറിഞ്ഞിട്ടും ഇക്കാര്യം മന്ത്രി നിയമപരമായി പൊലീസിനെ അറിയിച്ചില്ല. ഇക്കാര്യം മറച്ചുവെച്ച് തന്‍റെ പാര്‍ട്ടിക്കാരനും നേതാവുമായ പത്മാകരനെ രക്ഷിക്കാന്‍ വേണ്ടിയാണ് മന്ത്രി ശ്രമിച്ചത്.
കുറ്റകൃത്യം ചെയ്യുന്നത് പോലെ തന്നെ കുറ്റം ചെയ്തത് അറിഞ്ഞിട്ടും അത് മറച്ചുവെക്കുന്നത് നിയമപ്രകാരം ശിക്ഷാര്‍ഹനാണ്. അതുകൊണ്ട് തെന്ന പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതിനും, പീഡനം അറിഞ്ഞിട്ട് മറച്ചു വെച്ചതിനും, ഇരയെ ഭീഷണിപ്പെടുത്തിയതിനും, വിവരം പൊലീസിന് അറിയിക്കാതെ മറച്ചു വെച്ചതിനും മന്ത്രി ശശീന്ദ്രനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
Also read: പീഡന പരാതി: എ.കെ. ശശീന്ദ്രനെ പുറത്താക്കണമെന്ന് വി.ഡി. സതീശന്‍