എറണാകുളം : ബോൾഗാട്ടിയില്‍ നിന്നും വൈപ്പിനിലേക്കുള്ള ഗോശ്രീ പാലത്തില്‍ യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം. റോഡിലെ കുഴിയിൽ അത്തപ്പൂക്കളമിട്ടാണ് വേറിട്ട പ്രതിഷേധവുമായി സംഘടന രംഗത്തെത്തിയത്. ഇവിടുത്തെ കുഴിയില്‍ വീണ് സ്ത്രീകളടക്കമുള്ള യാത്രക്കാർക്ക് നേരത്തേ പരിക്കേറ്റിരുന്നു.
വിഷയത്തില്‍ അധികൃതര്‍ പരിഹാരം കാണാത്തതിനെ തുടർന്നാണ് പ്രതിഷേധമുയര്‍ന്നത്. യൂത്ത് കോൺഗ്രസ് മുളവുകാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂക്കളമിട്ട ശേഷം ഓണപ്പാട്ടുമുണ്ടായി. ജില്ല പ്രസിഡന്‍റ് ടിറ്റോ ആന്‍റണി ഉദ്ഘാടനം ചെയ്തു.
നടപടി സ്വീകരിയ്‌ക്കാതെ അധികൃതര്‍
ഇതൊരു സൂചനയാണെന്നും പരിഹാരമായില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. നിരന്തരം പരാതികൾ നൽകിയിട്ടും വാഗ്‌ദാനങ്ങൾ അല്ലാതെ യാതൊരുവിധ നടപടികളും ഗോശ്രീ ഐലന്‍ഡ് ഡെവലപ്പ്മെന്‍റ് അതോറിറ്റി (ജിഡ)യുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും സംഘടന ആരോപിച്ചു.
ചൊവ്വാഴ്‌ച ഇതേ കുഴിയിൽ ഇരുചക്ര വാഹന യാത്രക്കാരി തെറിച്ചുവീണ് പരിക്കേറ്റിരുന്നു. രാത്രിസമയങ്ങളില്‍ പാലത്തിൽ വെളിച്ചക്കുറവുള്ളതിനാല്‍ ഇരുചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ വർഷം കൊച്ചിയിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഹൈക്കോടതി കേസെടുത്തിരുന്നു.
ALSO READ: 'ഹരിത'ക്കെതിരായ നടപടി താല്‍കാലികമെന്ന് എംകെ മുനീര്‍