എറണാകുളം: ക്രിസ്‌മസ് നാളിൽ കേക്ക് ചാലഞ്ചുമായി യൂത്ത് കോൺഗ്രസ് എറണാകുളം ജില്ല കമ്മിറ്റി. പാലിയേറ്റീവ് രോഗികളെ സഹായിക്കാനുള ധന സമാഹരണത്തിനായാണ് കേക്ക് ചാലഞ്ച് സംഘടിപ്പിക്കുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ആദ്യ കേക്ക് വിൽപ്പന നടത്തി ഹൈബി ഈഡൻ എം.പി പരിപാടി ഉദ്ഘാടനം ചെയ്‌തു.
കേക്ക് വണ്ടിയുടെ ഫ്ലാഗ് ഓഫും അദ്ദേഹം നിർവഹിച്ചു. പുരോഗമന യുവജനപ്രസ്ഥാനം എന്ന് അവകാശപ്പെടുന്ന ആളുകൾക്ക് പോലും സാധിക്കാത്ത, സാമൂഹികമായ വീക്ഷണത്തോടെയുള്ള പദ്ധതിയാണ് കേക്ക് ചാലഞ്ചെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. ഇതിൽ നിന്നും ലഭിക്കുന്ന പണം പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും.
ഇത് നിരവധി രോഗികൾക്ക് ആശ്വാസം പകരുമെന്നും, ഈ പ്രവർത്തനത്തിന്‍റെ സാമൂഹിക പ്രാധാന്യം മനസിലാക്കി ജനങ്ങൾ ഈ പദ്ധതിയുമായി സഹരിക്കുമെന്നും ഹൈബി ഈഡൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി പതിനാല് മണ്ഡലം കമ്മിറ്റികൾക്ക് ആയിരം വീതം കേക്കുകളാണ് നൽകുന്നത്.
കേക്ക് വിൽപനയിലൂടെ സമാഹരിക്കാൻ ലക്ഷ്യമിടുന്നത് പതിനാല് ലക്ഷം രൂപയാണ്. ഇത് മുഴുവനായും പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്നും യൂത്ത് കോൺഗ്രസ് ജില്ല ഭാരവാഹികൾ അറിയിച്ചു.