എറണാകുളം : അന്താരാഷ്‌ട്ര വനിതാദിനത്തിൽ ചരിത്രം കുറിച്ച് ഹൈക്കോടതി. ഇതാദ്യമായി വനിത ജഡ്‌ജിമാർ മാത്രമടങ്ങിയ ബഞ്ച് കേസ് പരിഗണിച്ചു. ജസ്റ്റിസുമാരായ അനു ശിവരാമൻ,വി ഷെര്‍സി, എം.ആർ അനിത എന്നിവരടങ്ങിയ ബഞ്ചാണ് ചൊവ്വാഴ്‌ച കേസ് പരിഗണിച്ചത്. ഗുരുവായൂര്‍ ഫണ്ട് സര്‍ക്കാരിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് അസാധുവാക്കിയ 2020 ഡിസംബർ 18ലെ ഹൈക്കോടതി ഫുള്‍ ബഞ്ചിന്‍റെ മുന്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആശ്യപ്പെട്ടുള്ള സര്‍ക്കാരിന്‍റെ റിവ്യൂ ഹര്‍ജിയാണ് പരിഗണിച്ചത്.
നേരത്തെ ജസ്റ്റിസ് എ. ഹരിപ്രസാദ് ഉൾപ്പെട്ട ബഞ്ചിൽ, അദ്ദേഹം വിരമിച്ച ശേഷം ജസ്റ്റിസ് ഷെർസിയെ പകരം നിയമിക്കുകയായിരുന്നു. കേരള ഹൈക്കോടതിയിൽ ആദ്യമായാണ് ഒരു വനിത ഫുൾ ബഞ്ച് രൂപീകരിക്കുന്നതെന്ന് പുനഃപരിശോധനാ ഹർജികളിൽ ഒരു പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സജിത്ത് കുമാർ വി. പറഞ്ഞു. കൂടുതൽ സ്ത്രീകൾ നിയമത്തിൽ ബിരുദം നേടുന്നതും കീഴ്‌ക്കോടതികളിൽ പോലും വനിത ജഡ്‌ജിമാരുടെ വർധനവ് കാണാൻ സാധിക്കുന്നതും സ്വാഗതാർഹമാണ്. ഭാവിയിൽ മേൽക്കോടതികളിലും കൂടുതൽ വനിത ജഡ്‌ജിമാരും അതിലുപരി, വനിത ഫുൾ ബഞ്ചുകളും കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭിഭാഷക മേഖലയിൽ എല്ലാവരും ലിംഗഭേദമന്യേ തുല്യരാണെന്ന് അഡ്വ. എ.കെ പ്രീത പറഞ്ഞു. കേരള ഹൈക്കോടതിയിലെ എല്ലാ ജഡ്‌ജിമാരും അതത് മേഖലകളിൽ കഴിവും വൈദഗ്ധ്യവുമുള്ളവരാണ്. അതിനാൽ പരിഗണിക്കുന്ന വിഷയത്തെ സംബന്ധിച്ച്, വനിത ഫുൾ ബഞ്ച് ആണോ അല്ലയോ എന്നതിൽ പ്രസക്തിയില്ല.
എന്നിരുന്നാലും തങ്ങളുടെ തൊഴിലിൽ പ്രാവീണ്യമുള്ള മൂന്ന് സ്ത്രീകൾ ഉണ്ടെന്ന് സമൂഹത്തെ അറിയിക്കാൻ ഇത്തരത്തിലൊരു വനിത ഫുൾ ബഞ്ച് രൂപീകരിച്ചത് ഹൈക്കോടതിയുടെ ബോധപൂർവമായ തീരുമാനമാകാമെന്നും അവർ പറഞ്ഞു. ലിംഗവിവേചന സംബന്ധിയായ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഒരുപക്ഷേ വനിത ജഡ്‌ജിമാർ കൂടുതൽ അനുയോജ്യരാണെന്നും അത്തരം പ്രശ്നങ്ങൾ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ അവർക്ക് കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.