എറണാകുളം : പീഡനക്കേസില്‍ ഒളിവിലായിരുന്ന എല്‍ദോസ് കുന്നപ്പിള്ളില്‍ മൂവാറ്റുപുഴയിലെ വീട്ടിൽ തിരിച്ചെത്തി. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്, ദിവസങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന എംഎൽഎ മൂവാറ്റുപുഴയിലെത്തിയത്. പീഡനക്കേസ് രജിസ്റ്റർ ചെയ്‌തതിന് പിന്നാലെ ഒളിവിൽ പോയ എൽദോസിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.
കോൺഗ്രസ് നേതൃത്വം ഉൾപ്പടെ എൽദോസ് എംഎൽഎയെ തള്ളിപ്പറഞ്ഞിരുന്നു. അതേസമയം തനിക്കെതിരായ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണമുയർത്തിയാണ് എൽദോസ് കെപിസിസിക്ക് വിശദീകരണം നൽകിയത്. കുറ്റവിമുക്തനാവുമെന്ന വിശ്വാസമുണ്ടെന്നും അന്വേഷണവുമായി താൻ പൂർണമായി സഹകരിക്കുമെന്നുമാണ് എൽദോസ് കുന്നപ്പിള്ളിലിന്‍റെ പ്രതികരണം.
വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമുള്ള പരാതിക്കാരിയുടെ വാദം പരിഗണിക്കാതെയാണ് തിരുവനന്തപുരം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി വ്യാഴാഴ്‌ച (ഒക്‌ടോബർ 20) ഉപാധികളോടെ എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചിരുന്നു. അതേസമയം എൽദോസ് കുന്നപ്പിള്ളിലിനെതിരായ പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് പരാതിക്കാരി വ്യക്തമാക്കിയത്.
എൽദോസ് കുന്നപ്പിള്ളില്‍ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും യുവതി ആരോപിച്ചിരുന്നു. കുന്നപ്പിള്ളില്‍ പീഡിപ്പിച്ച സ്ഥലങ്ങളെന്ന് യുവതി ആരോപിച്ച പെരുമ്പാവൂർ പുല്ലുവഴിയിലെ വീട്ടിലും കളമശ്ശേരിയിലെ ഫ്ലാറ്റിലും എത്തിച്ച് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് പുല്ലുവഴിയിലെ വില്ലയിൽ വച്ച് കുന്നപ്പിള്ളില്‍ പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്‌തു എന്നായിരുന്നു പരാതി.
ക്രൈംബ്രാഞ്ച് എസിപി അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം രണ്ടര മണിക്കൂർ സമയമെടുത്താണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. പെരുമ്പാവൂരിന് ശേഷം കളമശ്ശേരിയിലെ ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഏഴ് ഇടങ്ങളിലായി തന്നെ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.