എറണാകുളം: കോതമംഗലത്ത് വന്യജീവി ശല്യം രൂക്ഷമാകുന്നു. കോതമംഗലം വടാട്ടുപാറയിൽ വന്യജീവിയുടെ ആക്രമണത്തിൽ കന്നുകാലി കൊല്ലപ്പെട്ടിരുന്നു. വടാട്ടുപാറ എടത്തട്ടപ്പടിയിൽ മുഹിയദ്ദീൻ പള്ളിക്കു സമീപം താമസിക്കുന്ന താഴെക്കൂടിയിൽ ആയിഷ മീരാന്‍റെ ആടാണ് കൊല്ലപ്പെട്ടത്.
ആടിന്‍റെ കരച്ചിൽ കേട്ടാണ് അതി രാവിലെ ആയിഷ പുറത്തിറങ്ങിയത്. എന്തോ ജീവി ഓടുന്ന ശബ്‌ദം കേട്ടെന്നും ഇരുട്ടായതിനാൽ എന്ത് ജീവി ആണെന്ന് മനസിലായില്ലയെന്നും ആയിഷ പറയുന്നു. ആടിനെ കൊന്നത് പുലിയോ, കടുവയോ ആകാമെന്നാണ് നിഗമനം. വടാട്ടുപാറ ഫോറസ്റ്റ് ഓഫീസിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അജേഷ് പി.എയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സംഭവ സ്ഥലം സന്ദർശിച്ചു.
Also Read:കൊച്ചിയുടെ വികസനം കേരളത്തിന് അനിവാര്യം: പി.എ.മുഹമ്മദ് റിയാസ്
നിരവധി കന്നുകാലികളെ ഇതിന് മുമ്പും വന്യജീവികൾ അക്രമിച്ചിട്ടുണ്ട്. വടാട്ടുപാറയിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യ ജീവികളുടെ ഭീഷണി നിലനിൽക്കുന്നുണ്ട്. ഇതിനു പുറമെ ഉഗ്ര വിഷമുള്ള രാജാവെമ്പാല ഉൾപ്പെടെയുള്ള ഉരഗജീവികളുടെ ശല്യവും രൂക്ഷമാണ്. തുടർച്ചയായി ഉണ്ടാകുന്ന വന്യ ജീവി ആക്രമണം മൂലം പ്രദേശവാസികളും ഭീതിയിലാണ്.