കൊച്ചി: 'മാലിന്യമില്ലാത്ത മലയാള നാട്' കൂട്ടായ്‌മ കൊച്ചിയില്‍ സംഘടിപ്പിച്ചു. ഗാന്ധിജി സ്റ്റഡി സെന്‍റർ ചെയർമാൻ പി ജെ ജോസഫിന്‍റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മാലിന്യനിർമാർജന വിദഗ്ധയും ഖരമാലിന്യ നിർമാർജനത്തിന് വേണ്ടിയുള്ള സുപ്രീംകോടതി സമിതി അംഗവുമായ അൽമിത്ര പട്ടേൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫോസ്ഫറസ് ഡിറ്റർജന്റുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും ഇവയുടെ അമിത ഉപയോഗം ജലാശയങ്ങളെ നശിപ്പിക്കുമെന്നും അല്‍മിത്ര പട്ടേല്‍ പറഞ്ഞു. കൊതുകുകളെ നശിപ്പിക്കുന്നതിനുള്ള മെഡിക്കേറ്റഡ് നെറ്റുകൾ സൗജന്യമായി ജനങ്ങൾക്ക് ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെടണമെന്നും അൽമിത്ര പട്ടേൽ സൂചിപ്പിച്ചു. അടുക്കളമാലിന്യം കൃഷിയിടങ്ങളിൽ ഉപയോഗിച്ചിരുന്ന കാലത്ത് മാലിന്യസംസ്‌കരണത്തിന് പ്രതിസന്ധിയില്ലായിരുന്നു. എന്നാൽ പ്ലാസ്റ്റിക്കിന്‍റെ വരവോടെയാണ് ഇന്ന് നേരിടുന്ന വലിയ മാലിന്യപ്രതിസന്ധിക്ക് തുടക്കമായതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ശുചിമുറി മാലിന്യം അടക്കമുള്ള ഉള്ള ഖരമാലിന്യങ്ങളുടെ നിർമാർജനത്തിൽ കേരളം വളരെ പിന്നിലാണെന്ന് ഗാന്ധി സ്റ്റഡി സെന്‍റർ ചെയർമാൻ പി ജെ ജോസഫ് പറഞ്ഞു. അമൃത് പദ്ധതി പ്രകാരം കേരളത്തിൽ ആറ് കോർപ്പറേഷനുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലുമായി ദ്രവമാലിന്യ സംസ്കരണ പദ്ധതിക്കായി 629 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ 24 കോടി രൂപ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളതെന്നും 2020 ഓടെ തുക ഉപയോഗിച്ചില്ലെങ്കിൽ ഫണ്ട് പാഴാകുമെന്നും പി ജെ ജോസഫ് വ്യക്തമാക്കി.