എറണാകുളം: വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ സാവകാശം തേടി സിബിഐ. കേസില്‍ നിലവില്‍ സിബിഐ അന്വേഷണം തൃപ്‌തികരമല്ലെന്ന് ചൂണ്ടിക്കാട്ടി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ സാവകാശം തേടിയത്.
കേസിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തുന്നില്ലെന്നും സാക്ഷി മൊഴികളും തെളിവുകളും സിബിഐ കാര്യമായി പരിഗണിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടികളുടെ അമ്മ ഹര്‍ജി സമര്‍പ്പിച്ചത്. നീലചിത്ര നിര്‍മാണ സംഘത്തിന് കുട്ടികളുടെ മരണത്തില്‍ പങ്കുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം അന്വേഷണം കൃത്യമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാന്‍ സാവകാശം വേണമെന്നും സിബിഐ ആവശ്യപ്പെട്ടു.
എന്നാല്‍ തിങ്കളാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് കെ.ബാബുവിൻ്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.