എറണാകുളം : വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ് സുരക്ഷ ഒരുക്കണമെന്ന ഇടക്കാല ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ച് വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിനും പൊലീസിനും കോടതി നിർദേശം നൽകി. അദാനിയുടെയും കരാർ കമ്പനിയുടെയും കോടതിയലക്ഷ്യ ഹർജികളില്‍ സർക്കാരിനും സമരക്കാര്‍ക്കും ഹൈക്കോടതി നോട്ടിസ് അയച്ചു.
റോഡിലെ തടസങ്ങള്‍ അടക്കം നീക്കം ചെയ്യണമെന്ന് നേരത്തെ നിർദേശിച്ചിരുന്നതാണ്. പൊലീസിന് കഴിയില്ലെങ്കിൽ കേന്ദ്ര സേനയെ ആവശ്യപ്പെടാനും കൃത്യമായി പറഞ്ഞതാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയമോ, സമരമോ കോടതിയുടെ പരിഗണനയിലുള്ളതല്ല.
നിർമാണ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകരുതെന്നതാണ് കോടതിയുടെ പരിഗണനാവിഷയമെന്നും സിംഗിൾ ബഞ്ച് വ്യക്തമാക്കി. അദാനിയുടെയും കരാർ കമ്പനിയുടെയും കോടതിയലക്ഷ്യ ഹർജികൾ ഹൈക്കോടതി ബുധനാഴ്‌ച വീണ്ടും പരിഗണിക്കും. അദാനി ഗ്രൂപ്പിന്‍റെയും കരാർ കമ്പനിയുടെയും കോടതിയലക്ഷ്യ ഹർജി നിലനിൽക്കില്ലെന്നാണ് സർക്കാർ വാദം .
സെപ്റ്റംബർ 1നാണ് വിഴിഞ്ഞം തുറമുഖ നിർമാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സുരക്ഷ ഒരുക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. പൊലീസിന് സുരക്ഷ ഒരുക്കാനായില്ലെങ്കിൽ കേന്ദ്ര സേനയെ വിന്യസിക്കണമെന്നായിരുന്നു കോടതിയുടെ നിർദേശം.