എറണാകുളം : യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബു മടങ്ങിയെത്തിയാൽ മാത്രം മുൻകൂർ ജാമ്യഹർജി പരിഗണിക്കാമെന്ന് ഹൈക്കോടതി. മടക്കയാത്രയുടെ ടിക്കറ്റ് കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. വിജയ് ബാബു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും രാജ്യം വിട്ടിരിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
അതേസമയം എപ്പോൾ വേണമെങ്കിലും ഹാജരാകാൻ തയാറാണെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജസ്റ്റിസ് പി.ഗോപിനാഥിന്‍റെ ബഞ്ചാണ് വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യഹർജി പരിഗണിച്ചത്. വിജയ് ബാബു ഏപ്രിൽ 29ന് നൽകിയ ഹർജിയിൽ കോടതി സർക്കാരിന്‍റെ നിലപാട് തേടിയിരുന്നു. തുടർന്ന് വേനലവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റുകയായിരുന്നു.
Also Read: നടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍
സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചത്. എന്നാൽ ഇപ്പോള്‍ ലൈംഗിമായി പീഡിപ്പിച്ചെന്ന് പരാതി നല്‍കി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും വിജയ് ബാബു ജാമ്യഹര്‍ജിയില്‍ പറയുന്നു. തന്‍റെ പുതിയ ചിത്രത്തില്‍ അവസരമില്ലെന്നറിഞ്ഞാണ് യുവനടി പരാതി നൽകിയതെന്നും വിജയ് ബാബു ജാമ്യഹർജിയിൽ വാദമുന്നയിച്ചിരുന്നു.
നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ വിജയ് ബാബു ദുബായിലേക്ക് കടന്നിരുന്നു. ഇതോടെ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങി. ഇന്‍റർപോളിന്‍റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കുകയും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാസ്പോർട്ട് റദ്ദാക്കുകയും ചെയ്‌തതിന് പിന്നാലെ നടൻ ജോർജിയയിലേക്ക് കടന്നുവെന്നാണ് വിവരം.