എറണാകുളം : പീഡനക്കേസിൽ പ്രതിയായ നടൻ വിജയ് ബാബു ഉടൻ പിടിയിലാകുമെന്ന സൂചന നൽകി പൊലീസ്. വിജയ് ബാബുവിൻ്റെ ദുബായിലെ ഒളിയിടം കണ്ടെത്തിയതായാണ് ലഭ്യമായ വിവരം. ദുബായ് പൊലീസ് വിജയ് ബാബുവിനായി തിരച്ചിൽ നടത്തിയിരുന്നു.
ഇൻ്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചതിനെത്തുടർന്നായിരുന്നു അന്വേഷണം നടത്തിയത്. ദുബായ് പൊലീസിന്‍റെ സഹായത്തോടെ വിജയ് ബാബുവിനെ ഉടൻ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. വിജയ് ബാബു ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് അറസ്റ്റ് ചെയ്യാനാണ് പൊലീസ് ശ്രമം.
മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിരുന്നു. അറസ്റ്റ് തടഞ്ഞുള്ള ഒരു നിർദേശവും കോടതി നൽകിയിരുന്നില്ല. വിദേശത്തുള്ള പ്രതിയുടെ പാസ്പോർട്ട് റദ്ദാക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാൻ പൊലീസിന് കഴിയും.
ALSO READ: ലൈംഗിക പീഡന ആരോപണം: വിജയ് ബാബുവിനെ 'അമ്മ' എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി
എന്നാൽ പാസ്പോർട്ട് റദ്ദാക്കിയാൽ പ്രതിക്ക് രാജ്യത്തേക്ക് തിരിച്ചുവരാൻ കഴിയാത്ത സാഹചര്യമുണ്ടാകും. ഈ ഘട്ടത്തിൽ അത്തരം നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നായിരുന്നു പൊലീസ് തീരുമാനിച്ചത്. പരാതിക്കാരിയുടെ രഹസ്യമൊഴിയടക്കം ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം 22നാണ് വിജയ് ബാബുവിനെതിരെ കോഴിക്കോട് സ്വദേശിനി പീഡന പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് കൊച്ചിയിലെ ഫ്ലാറ്റിൽവച്ച് പല തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇതേത്തുടർന്ന് ബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്. പരാതിക്കാരിയുടെ പേര് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയതിന് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിരുന്നു.