എറണാകുളം: പിന്നണി ഗായകൻ എം ജി ശ്രീകുമാറിനെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്ത് അന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ ഉത്തരവ്. കൊച്ചി ബോൾഗാട്ടി പാലസിന് സമീപം കെട്ടിടം പണിതതുമായി ബന്ധപ്പെട്ട കേസിലാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ ഉത്തരവ്. കൂട്ടുപ്രതികൾ സർക്കാർ ഉദ്യോഗസ്ഥര്‍ ആയതിനാലാണ് അഴിമതി നിരോധനനിയമപ്രകാരം അന്വേഷണം നടത്തുന്നത്.
കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയിൽ നേരത്തെ വിജിലൻസ് കോടതി നിർദേശ പ്രകാരം ത്വരിതാന്വേഷണം നടത്തി വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. നാല് വർഷം മുമ്പ് അന്നത്തെ വിജിലൻസ് കൊച്ചി യൂണിറ്റ് ഡിവൈഎസ്‌പി അശോക് കുമാർ നൽകിയ റിപ്പോർട്ടിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ വിജിലൻസ് പ്രോസിക്യൂഷൻ അഡിഷണൽ ഡയറക്‌ടർ കെ ഡി ബാബു, എം ജി ശ്രീകുമാർ ഉൾപ്പടെ ആരോപണ വിധേയരായ പത്തുപേർക്കെതിരെ കേസെടുക്കേണ്ടതില്ലന്ന് റിപ്പോർട്ട് നൽകുകയായിരുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ നടക്കുന്ന നിയമ ലംഘനങ്ങൾ പരിഗണിക്കുന്ന എൽഎസ്‌ജിഡി ട്രിബ്യൂണൽ ഈ കേസ് പരിഗണിച്ചാൽ മതിയെന്ന നിയമോപദേശമായിരുന്നു നൽകിയത്. ഇതിനെതിരെ പരാതിക്കാരനായ ഗിരീഷ് ബാബു ആക്ഷേപ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ വാദം കേട്ട ശേഷമാണ് ഗായകൻ എം ജി ശ്രീകുമാർ ഉൾപ്പടെയുള്ളവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടത്.
ബോൾഗാട്ടി പാലസിന് സമീപം പഴയ വീട് വാങ്ങി പൊളിച്ച് പണിതത് തീരദേശ പരിപാലന നിയമത്തിന്‍റെ ലംഘനമാണ്. കെട്ടിടം പണിയാൻ അനുമതി നൽകിയ ഉദ്യോഗസ്ഥര്‍ ഉൾപ്പടെയുള്ളവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹർജിക്കാരന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.