എറണാകുളം: യൂത്ത് കോൺഗ്രസ് നേതാവിനെതിരായ പീഡന പരാതി ഒതുക്കി തീർക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാലക്കാട് നടന്ന ക്യാമ്പിൽ പങ്കെടുത്ത പെൺകുട്ടിക്ക് പരാതിയുണ്ടെങ്കിൽ സംഘടനാപരമായ നടപടി മാത്രമല്ല സ്വീകരിക്കുക. പരാതി പൊലീസിന് കൈമാറുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
ആരോപണ വിധേയനായ യൂത്ത് കോൺഗ്രസ് നേതാവ്, ക്യാമ്പിലെത്തി ബഹളമുണ്ടാക്കി എന്നാണ് അറിഞ്ഞത്. അച്ചടക്കത്തിന് നിരക്കാത്ത രീതിയിൽ പെരുമാറിയതിന് അന്നുതന്നെ നടപടി സ്വീകരിച്ചിരുന്നു. പിന്നീടാണ് പെൺകുട്ടിയുടെ ആക്ഷേപമായി പ്രചരിച്ചത്.
പെൺകുട്ടികളിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ നടപടി സ്വീകരിക്കും. പരാതിയുണ്ടെങ്കിൽ എഴുതിവാങ്ങി നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.
'എം.എൽ.എ സ്ഥാനവും രാജിവയ്‌ക്കണം': ഭരണഘടനയ്‌ക്കെതിരായ അധിക്ഷേപത്തില്‍ സജി ചെറിയാൻ എം.എൽ.എ സ്ഥാനവും രാജിവയ്‌ക്കുന്നതാണ് ഉചിതമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സജി ചെറിയാൻ വിഷയത്തിൽ, തുടർസമര പരിപാടികൾ ചർച്ചചെയ്‌ത് തീരുമാനമെടുക്കും. വിഷയത്തില്‍ സി.പി.എം അവരുടെ നിലപാട് വ്യക്തമാക്കണം.
സ്വപ്‌നയെ ജീവിക്കാൻ സമ്മതിക്കില്ലെന്ന് സർക്കാർ തീരുമാനിക്കുന്നത് ശരിയല്ല.
ശിവശങ്കർ ഇപ്പോഴും സർക്കാർ ശമ്പളം പറ്റുന്നു. സ്വപ്‌നയെ സർക്കാർ സമ്മർദത്തിലാക്കുന്നു. ക്രൈം ബ്രാഞ്ചിനെതിരായ സ്വപ്‌നയുടെ ആരോപണം ശ്രദ്ധിക്കണം. അവരെ പുകച്ചുപുറത്ത് ചാടിച്ചത് ശരിയല്ലന്നും വി.ഡി സതീശൻ കൊച്ചിയിൽ പറഞ്ഞു.