എറണാകുളം : അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആന്‍റണി കരിയിലിനെതിരെ നടപടിക്കൊരുങ്ങി വത്തിക്കാൻ. കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് കർദിനാള്‍ ജോർജ് ആലഞ്ചേരിക്കെതിരെ നിലപാട് സ്വീകരിച്ച വൈദികരെ ആന്‍റണി കരിയിൽ പിന്തുണച്ചിരുന്നു. ഇതാണ്, വത്തിക്കാന്‍റെ നീക്കത്തിന് കാരണമെന്നാണ് സൂചന.
ആന്‍റണി കരിയിൽ അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരി സ്ഥാനം ഒഴിയണമെന്നാണ് വത്തിക്കാൻ സ്ഥാനപതി അറിയിച്ചത്. ബിഷപ്പിനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് നോട്ടിസ് നൽകിയിട്ടുണ്ട്. എറണാകുളം - അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടിനെ തുടർന്ന് കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ ശക്തമായ വിമർശനമുയർന്ന സാഹചര്യത്തിലായിരുന്നു ആന്‍റണി കരിയിലിന് അതിരൂപതയുടെ ഭരണച്ചുമതല നൽകിയത്.
അതിരൂപതയിലെ ഭൂരിപക്ഷം വൈദികരും കർദിനാൾ ആലഞ്ചേരിക്കെതിരായ നിലപാടിലാണ്. വിഷയം ചർച്ച ചെയ്യാന്‍ അതിരൂപതയിലെ വൈദികർ ഇന്ന് യോഗം ചേരും. തുടർന്ന് നിലപാട് അറിയിക്കും.