എറണാകുളം: സ്വർണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയല്ലെന്ന് ആവർത്തിച്ച് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. സ്വർണക്കടത്ത് കേസിൽ നയതന്ത്ര ബാഗേജ് എന്ന് വരുത്തി തീർത്ത് ഉത്തരവാദിത്തം മറ്റൊരു രാജ്യത്തിന്‍റെ ചുമലിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് സി.പി.എം നേതാക്കളുടെ ശ്രമം. നിലവിൽ പിടിയിലായ ആളുകളെയും വേണ്ടപ്പെട്ടവരുടെ ആളുകളെയും രക്ഷപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. ലൈഫ് പദ്ധതി അഴിമതി ആരോപണ കേസിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത് രാഷ്‌ട്രീയ പ്രേരിതമല്ലെന്നും വി. മുരളീധരൻ പറഞ്ഞു.
സ്വർണക്കടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയാണ് ആവശ്യപ്പെട്ടത്. രാഷ്‌ട്രീയ ലക്ഷ്യമുണ്ടായിരുന്നോയെന്ന് അദ്ദേഹം തന്നെയാണ് പറയേണ്ടത്. സംസ്ഥാനത്ത് സംഘടനാ പുനസംഘടനയിൽ പ്രശ്‌നങ്ങളുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.