എറണാകുളം: സർക്കാറിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പെരിയാറിൽ വെള്ളമുയരുന്ന സാഹചര്യത്തിൽ സർക്കാർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ സര്‍ക്കാര്‍ മുൻകൂട്ടി പറഞ്ഞത് തന്നെ വലിയ കാര്യമാണ്. 2018 ൽ പറയാതെയാണ് ഡാമുകൾ തുറന്ന് വിട്ടത്.
മുൻകൂട്ടി പറഞ്ഞതിനാൽ ആളുകളെ ഒഴിപ്പിക്കാൻ കഴിയുമെന്നും നിരന്തരമായി ആവശ്യപ്പെട്ടിരുന്നുവെന്നും, ഡാമുകളിലേയോ, നദികളിലേയോ ചെളി നീക്കണം എന്ന് പറഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
കെ.എസ്.ആർ.ടി.സി വിഷയത്തിലും വിമർശനം: കെ.എസ്.ആർ.ടി.സിയെ സർക്കാർ അടച്ചുപൂട്ടുകയാണെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയതാണ്. എന്നാൽ ഇപ്പോൾ സ്വാഭാവികമായ അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണ്. ഡീസൽ അടിക്കാൻ പണമില്ലാതെ അമ്പത് ശതമാനം ഷെഡ്യൂളുകളാണ് റദ്ദാക്കിയത്. കെ.എസ്.ആർ.ടി.സിയുടെ ലാഭമുള്ള റൂട്ടുകൾ കമ്പനിയുണ്ടാക്കി അതിലേക്ക് മാറ്റിയിരിക്കുന്നു. ഈ കമ്പനിയാകട്ടെ കരാർ തൊഴിലാളികളെ വച്ചാണ് പ്രവർത്തിക്കുന്നതെന്നും സതീശന്‍റെ വിമർശനം.
കമ്മ്യൂണിസ്റ്റ് സർക്കാർ തീവ്ര വലതുപക്ഷമാകുന്നതിന് ഉദാഹരണമാണ് കെ.എസ്.ആർ.ടി.സി.യിലെ സർക്കാർ നിലപാടുകള്‍. പൊതുമേഖലയെ കുറിച്ച് സംസാരിക്കുന്നവർ സ്ഥിരം തൊഴിലാളികൾ പ്രവർത്തിക്കുന്ന സ്ഥാപനത്തെ അടച്ചുപൂട്ടുന്നതിന്‍റെ ഉദാഹരണമായി കെഎസ്ആർടിസി മാറിയിരിക്കുകയാണ്. രണ്ട് ലക്ഷം കോടി മുടക്കി കെ- റെയിൽ കൊണ്ടുവരാൻ തയ്യാറായ സർക്കാറാണ് രണ്ടായിരം കോടി കെ.എസ്.ആർ.ടി.സി സംരക്ഷിക്കാൻ തയ്യാറാകാത്തതെന്നും ഇതിൽ കമ്മിഷൻ കിട്ടില്ലെന്നും അതിൽ കമ്മിഷനുണ്ടെന്നും വി.ഡി.സതീശൻ പരിഹസിച്ചു.
ദേശീയപാതയിലെ കുഴികൾ അടയ്ക്കണം: അങ്കമാലിയിൽ ദേശീയ പാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചത് ദൗർഭാഗ്യകരമായ സംഭവമാണ്. ഇതില്‍ ദേശീയ പാത അതോറിറ്റി ശക്തമായ നടപടി സ്വീകരിക്കണം. അടിയന്തരമായി കുഴികൾ അടയ്‌ക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊതുമരാമത്ത് വകുപ്പിന്‍റെ റോഡുകളിലും കുഴികളുണ്ട്. ദേശീയപാത വകുപ്പിനെ കൊണ്ട് നടപടി സ്വീകരിപ്പിക്കേണ്ടത് പൊതുമരാമത്ത് വകുപ്പാണ്. പൊതുമരാമത്ത് വകുപ്പിന്‍റെ കെടുകാര്യസ്ഥതയാണ് അപകട കാരണമെന്നും വി.ഡി.സതീശൻ പറഞ്ഞു.