എറണാകുളം: ഡോളര്‍ കടത്തു കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത യൂണിടാക് എംഡി സന്തോഷ് ഈപ്പന് ജാമ്യം അനുവദിച്ചു. എസിജെഎം കോടതിയാണ് ജാമ്യം നൽകിയത്. കസ്റ്റംസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെ കോടതി ജാമ്യം നൽകുകയായിരുന്നു. കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് കസ്റ്റംസ് നിലപാടെടുത്തതോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്‍റ് ഖാലിദ് 1.90 ലക്ഷം യുഎസ് ഡോളര്‍ അനധികൃതമായി വിദേശത്തേക്ക് കടത്തിയതില്‍ സന്തോഷ് ഈപ്പനും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വിളിച്ചുവരുത്തി മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് സന്തോഷ് ഈപ്പന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്‍റായിരുന്ന ഖാലിദ് 2019 ഓഗസ്റ്റ് ഏഴിന് 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്തിയതിനെക്കുറിച്ച് സന്തോഷ് ഈപ്പന് അറിയാമായിരുന്നുവെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. തന്‍റെ സ്ഥാപനമായ യൂണിടാക്കിന് നിര്‍മാണ കരാര്‍ ലഭിക്കാനായി യുഎഇ കോണ്‍സുലേറ്റ് പ്രതിനിധിക്ക് കമ്മിഷന്‍ നല്‍കിയതായി സന്തോഷ് ഈപ്പന്‍ സമ്മതിച്ചിരുന്നു. ഇന്ത്യന്‍ കറന്‍സി കരിഞ്ചന്തയില്‍ നിന്ന് ഡോളറാക്കി ഖാലിദിന് നല്‍കുകയും ഈ തുക വിദേശത്തേക്ക് കടത്തുകയുമായിരുന്നുവെന്നാണ് കസ്റ്റംസ് ആരോപിക്കുന്നത്.
കേസില്‍ അഞ്ചാം പ്രതിയാക്കിയാണ് കസ്റ്റംസ് സന്തോഷ് ഈപ്പന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ നേരത്തെ അറസ്റ്റിലായ സ്വപ്ന, സരിത്ത്, എം. ശിവശങ്കര്‍ എന്നിവര്‍ക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അതേസമയം കേസില്‍ മൂന്നാം പ്രതിയായ ഖാലിദ് വിദേശത്തായതിനാല്‍ കസ്റ്റംസിന് ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടെ സ്വപ്ന, സരിത്ത് എന്നിവരുടെ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഇഡിയുടെ അപേക്ഷയെ കസ്റ്റംസ് എതിര്‍ത്തു. രഹസ്യമൊഴി കൈമാറുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. ഇഡിയുടെ അപേക്ഷയില്‍ കോടതി പിന്നീട് വിധി പറയും.