എറണാകുളം: ലൈഫ് മിഷൻ കേസിൽ ലൈഫ് മിഷൻ സിഇഒ ആയിരുന്ന യുവി ജോസിനെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചി ഇഡി ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. യുവി ജോസായിരുന്നു വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് റെഡ് ക്രസന്‍റുമായി എംഒയു ഒപ്പ് വെച്ചത്. നേരത്തെയും യുവി ജോസിനെ ഇഡി ചോദ്യം ചെയ്‌തിരുന്നു.
സ്വപ്‌ന സുരേഷ് നൽകിയ മൊഴിയിൽ യുവി ജോസിനെ പരിചയപ്പെടുത്തിയത് എം ശിവശങ്കറാണെന്ന് വ്യക്തമാക്കിയിരുന്നു. നിർമാണ ചുമതല ലഭിച്ച യുണിടാക്ക് എംഡി സന്തോഷ് ഈപ്പന് യുവി ജോസിനെ പരിചയപ്പെടുത്തിയത് എം ശിവശങ്കറാണെന്നും സ്വപ്‌ന മൊഴി നൽകിയിരുന്നു. ഈ ഒരു സാഹചര്യത്തിൽ യുണിടാക്കിന് കരാർ നൽകാൻ ശിവശങ്കർ ഇടപെടൽ നടത്തിയോയെന്ന കാര്യത്തിലും യുവി ജോസിൽ നിന്നും ഇഡി വ്യക്തത വരുത്തും.
അതേസമയം കോഴ ഇടപാട് ആരോപണമുയർന്ന വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സിഇഒ എന്ന നിലയിൽ കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയുകയാണ് ഇഡിയുടെ ലക്ഷ്യം. എം ശിവശങ്കർ ഇഡി കസ്റ്റഡിയിലുള്ള സമയത്ത് തന്നെ യുവി ജേസിനെ വിളിച്ച് വരുത്തിയത് ശിവശങ്കർ നൽകുന്ന മൊഴിയിൽ വ്യക്തത വരുത്തുന്നതിന് കൂടിയാണ്. രണ്ട് പേരെയും ഒരുമിച്ച് ഇരുത്തി ഇഡി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
യുഎഇ കോൺസുലേറ്റ് വഴി റെഡ് ക്രസന്‍റ് അനുവദിച്ച 18.50 കോടി രൂപയിൽ 14.50 കോടി രൂപ ചെലവഴിച്ച് ലൈഫ് മിഷൻ പദ്ധതിയിലൂടെ വടക്കാഞ്ചേരിയിലെ 140 കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകും എന്നാണ് സംസ്ഥാന സർക്കാർ പറഞ്ഞത്. ഈ പദ്ധതിയുമായി ബന്ധപ്പെട്ടാണ് എൻഫോഴ്‌സ്‌മെന്‍റ് പി എം എൽ നിയമ പ്രകാരം കേസ് റജിസ്റ്റർ ചെയ്‌തത്. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാനായി ശിവശങ്കര്‍, സ്വപ്‌ന സുരേഷ് എന്നിവര്‍ ഉൾപ്പെടെയുള്ള പ്രതികൾക്ക് നാല് കോടി 48 ലക്ഷം രൂപ കൈക്കൂലി നല്‍കിയതായി യൂണിടാക് മാനേജിങ് ഡയറക്‌ടർ സന്തോഷ് ഈപ്പൻ മൊഴി നല്‍കിയിരുന്നു.
കേസില്‍ ശിവശങ്കറിന് പങ്കുണ്ടെന്നും ശിവശങ്കര്‍ കോഴപ്പണം കൈപ്പറ്റി എന്നും പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും മൊഴി നല്‍കിയിരുന്നു. ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച ലൈഫ് മിഷൻ കമ്മീഷനായിരുന്നുവെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. ഈയൊരു സാഹചര്യത്തിലാണ് ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്‌ത് ഇഡി അന്വേഷണം തുടരുന്നത്.