എറണാകുളം: ഒഡിഷയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച പെരുമ്പാവൂര്‍ സ്വദേശികള്‍ ഒഡിഷയില്‍ പിടിയില്‍. ഒരു കോടി രൂപ വിലമതിക്കുന്ന 3,800 കിലോ കഞ്ചാവ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തതായി ഒഡിഷ പൊലീസ് അറിയിച്ചു. ഗുരുവായൂര്‍ രജിസ്‌ട്രേഷനിലുള്ള ലോറിയില്‍ സവാള ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. കേരളത്തിലെ കഞ്ചാവ് മൊത്ത കച്ചവടക്കാരന് വേണ്ടിയാണ് കഞ്ചാവ് കടത്തിയതെന്ന് ഇവര്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.
ഒഡിഷയില്‍ നിന്നും കഞ്ചാവ് കടത്തി ഇരട്ടിവിലയ്‌ക്ക് കേരളത്തില്‍ വില്‍ക്കുമെന്നും പത്ത് ദിവസം മുമ്പ് 300 കിലോ കഞ്ചാവ് കടത്തിയിരുന്നതായും പിടിയിലായ ലോറി ഡ്രൈവറും സഹായിയും മൊഴി നല്‍കി. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസാണ് ലോറി പിടികൂടിയത്. ജയ്‌പൂർ പത്വ റോഡിൽ തുസുബയിൽ അമിത വേഗതയിലെത്തിയ ട്രക്ക് പൊലീസ് തടയുകയായിരുന്നു. ജീവനക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് പൊലീസ് വാഹനം പരിശോധിച്ചത്.