എറണാകുളം : ആലുവയിലെ ബൈക്ക് ഷോറൂമിൽ സെക്യൂരിറ്റി ജീവനക്കാരനെ ബന്ദിയാക്കി രണ്ട് വാഹനങ്ങള്‍ കവര്‍ന്ന കേസിലെ പ്രതികൾ പിടിയിൽ. കൊല്ലം സ്വദേശി ഫിറോസ് ഖാൻ, കോഴിക്കോട് സ്വദേശി അമർജിത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
നിരവധി മോഷണ കേസുകളിലെ പ്രതികളായ ഇവരെ കൊച്ചി മംഗള വനത്തിൽ നിന്നും ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്. ഓഗസ്‌റ്റ് നാലാം തിയ്യതി പുലർച്ചെയായിരുന്നു ആലുവയിലെ മുട്ടത്തുള്ള ബൈക്ക് ഷോറൂമിൽ കവർച്ച നടന്നത്.
ബൈക്കുകൾ കണ്ടെടുക്കാനുള്ള ശ്രമം തുടരുന്നു
പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ വ്യാപക പരിശോധനയില്‍ ഇവരുടെ ഒളിസങ്കേതം കണ്ടെത്തുകയായിരുന്നു. ബൈക്കുകൾ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
സംഘം ചേര്‍ന്നുള്ള മോഷണമെന്ന് സംശയം
മുട്ടത്തുള്ള ടോക്യോ ടയർ സ്റ്റേഷന്‍ സ്ഥാപനത്തിലും കവർച്ചനടന്നിരുന്നു. രണ്ടാഴ്ച മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനത്തിന്‍റെ ഭിത്തി തകർത്ത് സമാനമായ രീതിയിലാണ് മോഷണം നടത്തിയത്. നാല് ലക്ഷം രൂപ വരുന്ന ടയറുകളാണ് ഇവിടെ നിന്ന് നഷ്ടപ്പെട്ടത്. ഈ കേസിലെ പ്രതികൾക്കായും അന്വേഷണം ആരംഭിച്ചു.
വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിൽ മോചിതരായവർ സംഘം ചേർന്ന് കവർച്ച നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരെ പിടികൂടാനായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.
ALSO READ: സി.പി.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍, സംസ്ഥാനം വേദിയാകുന്നത് ഒന്‍പതാണ്ടിനിപ്പുറം