എറണാകുളം : മയക്കുമരുന്നും എയർ പിസ്റ്റളുമായി രണ്ട് യുവാക്കൾ കൊച്ചിയിൽ പിടിയിൽ. വരാപ്പുഴ പുത്തൻ പുരയ്ക്കൽ പവിൻ ദാസ് (23), കരിങ്ങാം തുരുത്ത് കൊങ്ങോർപ്പിള്ളി രജനി ഭവനിൽ വി അനന്തകൃഷ്‌ണൻ (25) എന്നിവരെയാണ് ഡിസ്ട്രിക്‌ട് ആന്‍റി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്‌സും, വടക്കേക്കര പൊലീസും ചേർന്ന് പിടികൂടിയത്.
ഇവരിൽ നിന്നും 6.6 ഗ്രാം എംഡിഎംഎയും, എയർ പിസ്റ്റളും, തിരകളും, പത്ത് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂത്തകുന്നം ഭാഗത്ത് നിന്ന് ഇവർ അറസ്റ്റിലാകുന്നത്. തോക്കിൽ നിറയ്ക്കുന്ന 40 തിരകളും, രാസലഹരി പൊടിയ്ക്കാനുപയോഗിക്കുന്ന ബ്ലെയ്‌ഡും, തൂക്കാനുള്ള ഡിജിറ്റൽ ത്രാസും കണ്ടെടുത്തു.
മയക്കുമരുന്ന് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നിന്നാണ് ഇവർ ലഹരി കൊണ്ടുവന്നത്. കൊച്ചിയിൽ യുവാക്കൾക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം. ഇൻസ്പെക്‌ടർ വി.സി സൂരജ് എസ്ഐമാരായ എം.എസ് ഷെറി, വി.എം റസാഖ്, എ.എസ്.ഐ റോബർട്ട് ഡിക്‌സൺ, സി.പി.ഒമാരായ ടി.എസ് ശീതൾ, മിറാഷ് തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ദിവസങ്ങൾക്ക് മുമ്പ് സൗത്ത് വാഴക്കുളം പോസ്റ്റ് ഓഫിസ് ജങ്‌ഷനിലെ വീട്ടിൽ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടിയ കേസിൽ ഒരാളെ കൂടി പൊലീസ് പിടികൂടി. പോഞ്ഞാശേരി ചെമ്പരത്തിക്കുന്ന് തെക്കേ വായടത്ത് വീട്ടിൽ അജ്‌മൽ (23) നെയാണ് തടയിട്ട പറമ്പ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
കേസുമായി ബന്ധപ്പെട്ട് മണ്ണൂപ്പറമ്പൻ വീട്ടിൽ മുഹമ്മദ് അസ്ലം, ചേലാട്ടുകുളം ഉള്ളാട്ടു കുട്ടി വീട്ടിൽ മുഹമ്മദ് ജാഷിൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. മുഹമ്മദ് ജാഷിന്‍റെ പക്കൽ നിന്നും അഞ്ചര ഗ്രാം എംഡിഎംഎയും പിടികൂടിയിരുന്നു. ഇയാൾക്ക് എംഡിഎംഎ എത്തിച്ച് നൽകിയത് അജ്‌മലാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചിരുന്നത് ഇയാളായിരുന്നു.
ഇതിന്‍റെ തുടരന്വേഷണത്തിന്‍റെ ഭാഗമായി ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഏഴരക്കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികളായ മൂന്ന് സ്ത്രീകൾ ഉൾപ്പടെ നാല് പേരും കഴിഞ്ഞ ദിവസം റൂറൽ പൊലീസിന്‍റെ പിടിയിലായിരുന്നു. ഇതിൽ ഒരു പെൺകുട്ടി പ്രായപൂർത്തിയാകാത്തയാളാണ്.
ഒഡിഷ ദുർഗാപ്രസാദ് ഗാവിൽ ചന്ദൻ നായിക്ക് (35), ഉദയഗിരി ഗാവിൽ നിരാണെ (45), മന്ദാകിനി (35) പ്രായപൂർത്തിയാകാത്ത പെൺകുട്ടി എന്നിവരാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്. സ്ത്രീകളുടെ ബാഗിൽ പ്രത്യേകം പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. പെരുമ്പാവൂരിലേക്കാണ് കഞ്ചാവ് കൊണ്ടുവന്നത്.
ഡിസ്ട്രിക്റ്റ് ആന്‍റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സ്, തടിയിട്ട പറമ്പ് പൊലീസ്, ആലുവ പൊലീസ് തുടങ്ങിയവർ സംയുക്തമായാണ് പരിശോധന നടത്തിയത്. റൂറൽ ജില്ലയിൽ മയക്കുമരുന്ന് വേട്ട കൂടുതൽ ശക്തമാക്കിയതിനെ തുടർന്ന് ഒരു മാസത്തിനുള്ളിൽ അമ്പത് ഗ്രാമോളം രാസലഹരിയും, പത്ത് കിലോയിലേറെ കഞ്ചാവുമാണ് പിടികൂടിയത്.