എറണാകുളം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും പിന്തുണ നൽകുന്നില്ലെന്ന് ട്വന്‍റി 20- ആം ആദ്‌മി സഖ്യം. തൃക്കാക്കരയിൽ ഏത് മുന്നണി വിജയിച്ചാലും കേരളത്തിന്‍റെ ഇപ്പോഴത്തെ സാമ്പത്തിക സാമൂഹിക വികസന സാഹചര്യങ്ങളിൽ മാറ്റമുണ്ടാകില്ല. അതുകൊണ്ടാണ് തൃക്കാക്കരയിൽ സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിക്കേണ്ടതില്ലെന്ന നിലപാട് ജനക്ഷേമ സഖ്യം സ്വീകരിച്ചതെന്നും ട്വന്‍റി 20 പാർട്ടി പ്രസിഡന്‍റ് സാബു എം. ജേക്കബ്.
കിഴക്കമ്പലത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആം ആദ്‌മി പാര്‍ട്ടി സ്റ്റേറ്റ് കണ്‍വീനര്‍ പി.സി സിറിയക്കും സാബു എം.ജേക്കബിനൊപ്പമുണ്ടായിരുന്നു. അതേസമയം തൃക്കാക്കര മണ്ഡലത്തിലുള്ള പതിനായിരക്കണക്കിന് ട്വന്‍റി 20 - ആം ആദ്‌മി പാര്‍ട്ടി അനുഭാവികളും പ്രവർത്തകരും നിലവിലെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യം വിലയിരുത്തി ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനമെടുക്കും. അതിനുള്ള രാഷ്ട്രീയ പ്രബുദ്ധത സഖ്യത്തെ പിന്തുണയ്ക്കുന്ന മുഴുവന്‍ ആളുകൾക്കുമുണ്ട്.
വോട്ടെടുപ്പ് ദിനം കാലാവസ്ഥ പ്രതികൂലമായാല്‍ പോലും എല്ലാവരും പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായി കേരളത്തിന്‍റെ രാഷ്ട്രീയ പ്രബുദ്ധത ഉയര്‍ത്തിപ്പിടിക്കണമെന്നും ജനക്ഷേമ സഖ്യം നേതാക്കൾ ആവശ്യപ്പെട്ടു.