എറണാകുളം : സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകളുടെ ചാർജ് വർധിപ്പിക്കാൻ തീരുമാനിച്ചതായി ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. ചാർജ് വർധന എത്രയായിരിക്കണമെന്നത് തീരുമാനിക്കാൻ ചർച്ച തുടരുകയാണെന്നും ഗതാഗത മന്ത്രി അറിയിച്ചു. 14ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി ചർച്ചനടത്തിയശേഷം തീരുമാനം ഉണ്ടാകും. മുഖ്യമന്ത്രിയുമായി ആലോചിച്ചശേഷം അന്തിമ തീരുമാനമെടുക്കും.
വിദ്യാർഥികളുമായി ചർച്ച നടത്തിയിരുന്നു. ചാർജ് വർധിപ്പിക്കരുതെന്നാണ് അവരുടെ ആവശ്യം. എന്നാൽ ബസ് വ്യവസായം നിലനിൽക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ സൗജന്യ നിരക്കിൽ യാത്ര തന്നെ സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യ ബസുടമകൾ സമരത്തിലേക്ക് പോകുന്നതായി സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ബസുടമകളുമായി ചർച്ച നടത്തിയശേഷമാണ് വിദ്യാർഥികളുമായും, ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായും ചർച്ച നടത്താൻ തീരുമാനിച്ചത്. നിലവിലെ മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് 12 ആയി വർധിപ്പിക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം.
ALSO READ:കോടികളുടെ ഭൂമി ഹാരിസണ്‍ പ്ലാന്‍റേഷന്‍ കൈയടക്കിവച്ചത് പതിറ്റാണ്ടുകള്‍ ; ഒടുവില്‍ സര്‍ക്കാരിലേക്ക്
എന്നാൽ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ നൽകിയ ശുപാർശ പത്ത് രൂപയായി വർധിപ്പിക്കണമെന്നാണ്. എന്നാൽ ബസുടമകൾക്ക് നഷ്ടമില്ലാതെ സർവീസ് നടത്താൻ കഴിയുന്ന ചാർജ് വർധനവ് ആവശ്യമാണ്. സമരത്തിലേക്ക് പോകാൻ ബസുടമകൾ തയാറാകുമെന്ന് തോന്നുന്നില്ല. സമരത്തിലേക്ക് തള്ളിവിടാതിരിക്കാർ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് സാഹചര്യത്തിൽ യാത്രക്കാർ എ.സി ബസുകളിൽ കയറാത്ത സാഹചര്യമുണ്ട്. അനുകൂല സാഹചര്യമുണ്ടായാൽ എ.സി ബസ് സർവീസുകൾ ആരംഭിക്കും. അതേ സമയം കെ.യു.ആർ.ടി.സി ബസ് ഓടിക്കുന്നത് ഭീമമായ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തിൽ നിന്നും സൗജന്യമായി കിട്ടിയ ഈ ബസുകൾക്ക് ഗുണ നിലവാരമില്ല. ഒരു ലിറ്റർ ഡീസലിന് രണ്ട് കിലോമീറ്റർ മാത്രമാണ് മൈലേജ് ലഭിക്കുന്നത്. വൻ സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനാൽ നിർത്തേണ്ടി വന്നു.
ഈ ബസുകൾ പൂർണമായി ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. കാലാവധി കഴിഞ്ഞ് സർവീസ് നടത്താൻ കഴിയാത്ത ബസുകളാണ് ഡിപ്പോകളിൽ കൂട്ടിയിട്ടിരിക്കുന്നത്. ഇവ പൊളിച്ച് വിൽക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.