എറണാകുളം: ആലുവയിൽ ട്രാൻസ്ജെൻഡറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശിനി താഹിറയാണ് മരിച്ചത്. മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സോഫ്റ്റ്വെയർ എഞ്ചിനീയറായ താഹിറ കാക്കനാട് ഐ.ടി കമ്പനി ജീവനക്കാരിയാണ്.
Transgender found dead in Aluva: ശനിയാഴ്ച പുലർച്ചെയാണ് പുളിഞ്ചുവട് റെയിൽവേ ട്രാക്കിൽ താഹിറയുടെ മൃതദേഹം കാണപ്പെട്ടത്. കോട്ടപ്പുറത്തെ ഒരു ഫ്ലാറ്റിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചുവരികയായിരുന്നു. ജോലിക്ക് പോകുന്നുവെന്ന് അറിയിച്ച് വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ഫ്ലാറ്റിൽ നിന്നും ഇറങ്ങിയതായിരുന്നു താഹിറ.
അടുത്തിടെ ഇവരുടെ അടുത്ത സുഹൃത്ത് വാഹനാപകടത്തിൽ മരണമടഞ്ഞിരുന്നു. ഇതിന്റെ മനപ്രയാസത്തിലായിരുന്നു താഹിറയെന്നാണ് വിവരം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കൊച്ചിയിൽ അടുത്തിടെ രണ്ട് ട്രാൻസ്ജെൻഡറുകൾ ആത്മഹത്യ ചെയ്തിരുന്നു. ഇതിലൊരാൾ ലിംഗ മാറ്റ ശസ്ത്രക്രിയയിൽ പിഴവ് ആരോപിച്ച് ആത്മഹത്യ ചെയ്തതും ഏറെ വിവാദമായിരുന്നു.