എറണാകുളം: ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ട്രാൻസ് ജെൻഡർ വിഭാഗത്തിനുള്ള അവാർഡ് അട്ടിമറിയ്ക്കപ്പെട്ടുവെന്ന് ട്രാൻസ് ജെൻഡർ നടി റിയ ഇഷ. ട്രാന്സ് ജെന്‍ഡർ കാറ്റഗറിയിൽ ഒരു സ്ത്രീ സംവിധായകയ്ക്ക് അവാർഡ് നൽകിയത് യാതൊരു കാരണവശാലും നീതികരിയ്ക്കാന്‍ കഴിയാത്ത കാര്യമാണെന്ന് അവര്‍ പറഞ്ഞു. കൊച്ചിയിൽ ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അവര്‍.
ട്രാൻസ് ജെൻഡറുകൾ അഭിനയിച്ച നിരവധി സിനിമകൾ അവാർഡിനായി നോമിനേഷൻ നൽകിയിരുന്നെങ്കിലും എന്ത് കൊണ്ടാണ് അവാർഡിനായി പരിഗണിക്കാത്തതെന്ന് അറിയില്ല. ട്രാൻസ് കാറ്റഗറിയിൽ നിലവിൽ അവാർഡ് ലഭിച്ച സർക്കാർ ധനസഹായത്തോടെ നിർമ്മിച്ച ബി 32 മുതൽ 44 വരെ എന്ന സിനിമയുടെ സംവിധായക ശ്രുതി തന്നെ ഇതിനെ ചോദ്യം ചെയ്യണം. എന്തിനാണ് തന്നെ ട്രാൻസ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയതെന്ന് അവർ ചോദിക്കണമെന്നും റിയ ആവശ്യപ്പെട്ടു.
തങ്ങളുടെ കഴിവുകള്‍ അംഗീകരിക്കപ്പെടണം: ഞങ്ങൾക്കുള്ള അംഗീകാരം ഞങ്ങൾക്ക് തന്നെ ലഭിക്കുമ്പോൾ മാത്രമെ സമൂഹത്തിൽ നിന്നും അംഗീകാരം ലഭിക്കുകയുള്ളൂ. സർക്കാറിൽ നിന്നുള്ള അംഗീകാരം ലഭിക്കുന്നത് സമൂഹത്തിന് തങ്ങളോടുള്ള സമീപനം തന്നെ മാറുന്നതിന് കാരണമാകും. തങ്ങളുടെ കഴിവുകൾ സമൂഹത്തിൽ അംഗീകരിക്കപ്പെടണം.
അദേഴ്‌സ്, വിഡ്ഢികളുടെ മാഷ് തുടങ്ങി ഇത്തവണ തന്‍റെ തന്നെ രണ്ട് സിനിമകൾ ട്രാൻസ് വിഭാഗത്തിൽ നിന്നും അവാർഡിനായി സമർപ്പിച്ചിരുന്നു. അദേഴ്‌സ് എന്ന സിനിമയ്ക്ക് ഇതിനകം ദേശീയ തലത്തിലും, അന്തർദേശീയ തലത്തിലും അവാർഡ് ലഭിച്ചിട്ടുണ്ട്. ട്രാൻസ് വിഭാഗത്തിൽ അവാർഡിനർഹമായ സിനിമകൾ ഇല്ലങ്കിൽ ജൂറി അത് വ്യക്തമാക്കണമായിരുന്നു.
അല്ലാതെ ട്രാൻസ് അല്ലങ്കിൽ സ്ത്രീയെന്ന് പറഞ്ഞ് സ്ത്രീക്ക് അവാർഡ് നൽകിയതിനെ അംഗീകരിക്കാൻ കഴിയില്ല. തങ്ങൾ ഏറെ കഷ്‌ടപെട്ട് അഭിനയരംഗത്തേക്ക് വരുമ്പോഴും പരിഗണിക്കാതിരിക്കുന്നത് ട്രാൻസ് വിഭാഗത്തോട് കാണിക്കുന്ന അവഗണനയാണന്നും റിയ കുറ്റപ്പെടുത്തി.
പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് സംവിധായകനും: ട്രാൻസ് വിഭാഗത്തെ പരിഗണിക്കാത്തതിൽ അദേഴിസിന്‍റെ സംവിധായകൻ ശ്രീകാന്ത് ശ്രീധരനും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. കഴിഞ്ഞ വർഷമാണ് ചരിത്രത്തിലാദ്യമായി ട്രാൻസ് വിഭാഗത്തിന് സംസ്ഥാന സർക്കാർ അവാർഡ് ഏർപ്പെടുത്തിയത്. എന്നാൽ രണ്ടാമത്തെ വർഷം തന്നെ ഇത് അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്നും ശ്രീകാന്ത് ശ്രീധരൻ പറഞ്ഞു.
പകരം സർക്കാർ സഹായത്താൽ നിർമിച്ച സിനിമയ്ക്കാണ് അവാർഡ് നൽകിയത്. അത് കൊണ്ട് തന്നെയാണ് തങ്ങൾ സംശയിക്കുന്നത്. ഇത് എന്തിന് വേണ്ടിയാണെന്നും, ഇത് തന്നെ തുടരുകയാണോ ഉദ്ദേശമെന്നും അദ്ദേഹം ചോദിച്ചു.
ട്രാൻസ് കാറ്റഗറിക്ക് പകരമായി സ്ത്രീ സംവിധായകയ്ക്ക് അവാർഡ് നൽകിയത് സമൂഹത്തിലെ നാനാ തുറകളിലുള്ള സ്ത്രീകളുടെ പോരാട്ടത്തെ പ്രതിഫലിപ്പിക്കുന്ന സിനിമയ്ക്കാണെന്നാണ് ജൂറി അഭിപ്രായപ്പെട്ടത്. സ്ത്രീകളുടെയും പുരുഷൻമാരുടെയും പോരാട്ടത്തിന് തന്നെയാണല്ലോ മറ്റ് അവാർഡുകൾ ഉള്ളതെന്നും ശ്രീകാന്ത് ശ്രീധരൻ പരിഹസിച്ചു. ഒരാളുടെ വഴി തടഞ്ഞാവരുത് മറ്റൊരാളുടെ വഴിവെട്ടലെന്നും അദ്ദേഹം പറഞ്ഞു.
തന്‍റെ സിനിമയായ അദേഴ്‌സിന് അവാർഡ് ലഭിക്കുമെന്ന വലിയ പ്രതീക്ഷയൊന്നും വച്ചിരുന്നില്ല. തന്‍റെ സിനിമയ്ക്ക് അവാർഡ് കിട്ടാത്തതിൽ പരാതിയില്ല. എന്നാൽ നായിക കഥാപാത്രത്തെ അതരിപ്പിച്ച ട്രാൻസ് ജെൻഡർ റിയ ഇഷയ്ക്ക് അവാർഡ് പ്രതീക്ഷിച്ചിരുന്നു.
എന്നാൽ അവർക്ക് കിട്ടാത്തതല്ല പ്രശ്‌നം. ട്രാൻസ് വിഭാഗത്തിൽ ആർക്കെങ്കിലും കിട്ടിയിരുന്നെങ്കിൽ സന്തോഷമായിരുന്നു. ട്രാൻസിന്‍റെ ഒരു പേര് പോലും പരിഗണിക്കപ്പെട്ടില്ലെന്നും നീതി നിഷേധത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും ശ്രീകാന്ത് വ്യക്തമാക്കി.
ജൂറി നിലപാട് വ്യക്തമാക്കാത്ത പക്ഷം നിയമപരമായി മുന്നോട്ട്: ട്രാൻസ് വിഭാഗത്തിന് വേണ്ടി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹത്താലാണ് അദേഴ്‌സ് ചെയ്‌തത്. മന്ത്രി സജി ചെറിയാനും ചലച്ചിത്ര അക്കാദമിയ്ക്കും ഇതിനോടകം പരാതി നല്‍കിയിട്ടുണ്ട്. ഈ അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് ജൂറി നിലപാട് വ്യക്തമാക്കാത്ത പക്ഷം കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അദേഴ്‌സ് എന്ന ചിത്രം നിരവധി രാജ്യാന്തര മേളകളില്‍ തിരഞ്ഞെടുക്കപ്പെടുകയും പുരസ്ക്കാരങ്ങള്‍ നേടുകയും ചെയ്‌ത ചിത്രമാണ്. ഈ ചിത്രം ജൂറി കണ്ടോ എന്ന് പോലും തങ്ങള്‍ സംശയിക്കുന്നുവെന്നും അദേഹം പറഞ്ഞു.
കൊച്ചി നഗരത്തിൽ രാത്രി സമയം നടക്കുന്ന ഒരു സംഭവത്തെ ആസ്‌പ മാക്കിയാണ് അദേഴ് എന്ന സിനിമ നിർമ്മിച്ചത്.
സിനിമ ട്രാൻസ് ജെൻഡർ വിഭാഗത്തിന്‍റെ ജീവിതത്തിന്‍റെ നേർ കാഴ്‌ചയാണ്. ട്രാൻസ് ജെൻഡേഴ്‌സായ അഞ്ച് ലൈംഗികത്തൊഴിലാളികളും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നും സംവിധായകൻ വ്യക്തമാക്കി.