കൊച്ചി: പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ ഇതുവഴി കടന്നു പോകുന്ന ദേശീയപാത 66 ലും അനുബന്ധ റോഡുകളിലും ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. കുരുക്ക് അവസാനിക്കുന്നതുവരെ കുമ്പളം ടോൾ പ്ലാസയിലെ ടോൾ പിരിവ് താല്‍കാലികമായി നിർത്തിവെക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഗതാഗത പ്രശ്‌നത്തില്‍ അധികാരികളുടെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ദേശീയപാത ഉപരോധമടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് മുൻ മരട് നഗരസഭാ ചെയർപേഴ്‌സണും കൗൺസിലറുമായ സുനില സിബി പറഞ്ഞു.
ഇടപ്പള്ളി ജംഗ്‌ഷൻ മുതൽ അരൂർ ജംഗ്‌ഷൻ വരെ 18 കിലോമീറ്റർ യാത്രയ്ക്ക് ഗതാഗത കുരുക്ക് മൂലം നിലവിൽ രണ്ട് മണിക്കൂറിലധികമാണ് വേണ്ടിവരുന്നത്. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ഗതാഗത കുരുക്ക് കഴിഞ്ഞെത്തുന്ന യാത്രക്കാര്‍ കുമ്പളം ടോൾ പ്ലാസയിലേക്കെത്തുമ്പോൾ അവിടെയും വൻ ഗതാഗത കുരുക്ക് നേരിടേണ്ടി വരുന്നു. ദേശീയപാതയിലെ ഗതാഗത കുരുക്ക് കുറക്കാന്‍ പാലങ്ങളുടെ പണി കഴിയുന്നതുവരെ കുമ്പളത്ത് ടോൾ പിരിവ് നിർത്തിവെക്കണമെന്ന് മരട് നഗരസഭാ മുൻ വൈസ് ചെയർമാനും കൗൺസിലറുമായ ആന്റണി ആശാൻപറമ്പിൽ ആവശ്യപ്പെട്ടു.