എറണാകുളം: കേന്ദ്ര സർക്കാറിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശവ്യാപക പണിമുടക്ക് കൊച്ചിയിൽ ആദ്യ മണിക്കൂറുകളിൽ പൂർണം. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ പൂർണമായും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ജലഗതാഗത സർവ്വീസുകൾ പൂർണമായും മുടങ്ങി. ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് റോഡിലിറങ്ങിയത്. അതേസമയം കൊച്ചി മെട്രോ സാധാരണ പോലെ സർവീസ് നടത്തുന്നു. കട കമ്പോളങ്ങളും അടഞ്ഞു കിടക്കുകയാണ് .
പണിമുടക്കിന്റെ ആദ്യമണിക്കൂറിൽ അനിഷ്‌ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. പതിവിന് വിപരീതമായി ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് കൊച്ചി നഗരത്തിൽ ഹർത്താലിന്റെ പ്രതീതിയാണ് സൃഷ്ടിച്ചത്.
പണിമുടക്കിയ തൊഴിലാളികൾ എറണാകുളം നോർത്തിൽ നിന്നും ഹൈക്കോടതി ജങ്ഷനിലേക്ക് പ്രകടനം നടത്തും. പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുക്കും. ക്രമസമാധാനപാലത്തിനായി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പെട്രോൾ പമ്പുകൾ അടഞ്ഞുകിടക്കുന്നത് ഇരുചക്ര വാഹന യാത്രക്കാരെയും പ്രതികൂലമായി ബാധിച്ചു. അധ്യാപകരും ജീവനക്കാരും പണിമുടക്കിനെ പിന്തുണക്കുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സർക്കാർ ഓഫീസുകളെയും പണിമുടക്ക് ബാധിക്കും.