എറണാകുളം: ടോക്കിയോ ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടി രാജ്യത്തിന്‍റെ അഭിമാനമായ പി ആർ ശ്രീജേഷ് ഇന്ന് കേരളത്തിൽ മടങ്ങിയെത്തും. വൈകിട്ട് അഞ്ചുമണിക്ക് നെടുമ്പാശ്ശേരി എയർപോർട്ടിൽ സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നൽകും. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ, ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്‍റ് സുനിൽകുമാർ, കേരള സ്പോർട്‌സ് കൗൺസിൽ പ്രസിഡന്‍റ് ഒളിമ്പ്യൻ മേഴ്‌സി കുട്ടൻ, എറണാകുളം ജില്ലാ കലക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകുക.
തുടർന്ന് കാലടി പെരുമ്പാവൂർ പോഞ്ഞാശ്ശേരി വഴി അദ്ദേഹത്തിന്‍റെ ജന്മനാടായ പള്ളിക്കര വരെ ശ്രീജേഷിനെ തുറന്ന വാഹനത്തിൽ ആനയിക്കും. കൂടാതെ കടന്ന് പോകുന്ന ഒരോ പഞ്ചായത്ത് കേന്ദ്രങ്ങളിലും സ്വീകരണം നൽകും. കേരളത്തിലെ കായിക രംഗത്തെ സംഘാടകരും കളിക്കാരും ജനപ്രതിനിധികളും അടങ്ങുന്ന വാഹനവ്യൂഹം റോഡ് ഷോയിൽ പങ്കെടുക്കും.
ശ്രീജേഷിന് ജന്മനാട്ടിൽ രാജകീയ സ്വീകരണം നൽകാനുളള കാത്തിരിപ്പിലാണ് സുഹൃത്തുക്കളും നാട്ടുകാരും. സ്വീകരണയോഗത്തിൽ സംസ്ഥാന സർക്കാർ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ചേക്കും. സർക്കാർ പാരിതോഷികം പ്രഖ്യാപിക്കുന്നത് വൈകുന്നതിൽ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നിരുന്നു. പ്രവാസി വ്യവസായിയായ ഷംസീർ വയലിൽ ശ്രീജേഷിന് ഒരു കോടി രൂപ സമ്മാനമായി നൽകുമെന്ന് അറിയിച്ചിരുന്നു. കൊച്ചി റീജ്യണൽ സ്‌പോര്‍ട്‌സ് സെന്‍റർ (ആര്‍എസ്‌സി) അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖാപിച്ചിട്ടുണ്ട്.
Also read: പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും