തിരുവനന്തപുരം : എറണാകുളം തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിലെ കുഴിയില്‍വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്, ചീഫ് എന്‍ജിനിയര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
പാലം വിഭാഗം എറണാകുളം ജില്ല എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, അസിസ്‌സ്റ്റന്‍റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍, അസിസ്‌റ്റന്‍റ് എന്‍ജിനിയര്‍, ഓവര്‍സിയര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തത്. കര്‍ക്കശമായ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രേഖപ്പെടുത്തണമെന്ന പൊതുമരാമത്ത് വകുപ്പിന്‍റെ അഭിപ്രായം വകുപ്പ് സെക്രട്ടറി, എറണാകുളം ജില്ല കലക്‌ടറെ അറിയിച്ചിരുന്നു. ഐ.പി.സി 304 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
ജൂണ്‍ നാലിനാണ് സംഭവം. പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്ന് അറിയാതെ ഇതുവഴി ബൈക്കില്‍ എത്തിയ ഏരൂർ സ്വദേശി വിഷ്‌ണുവാണ് മരിച്ചത്. കൊച്ചി ബി.പി.സി.എല്ലിൽ കരാർ ജീവനക്കാരനായിരുന്നു. വിഷ്‌ണുവും സുഹൃത്തും പാലത്തിന്‍റെ ഭിത്തിയില്‍ ഇടിച്ച് തോട്ടിലേക്ക് വീണാണ് അപകടമുണ്ടായത്. റോഡില്‍ അപകട സൂചന മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നില്ല.