എറണാകുളം: തൃക്കാക്കര കൂട്ടബലാത്സംഗകേസില്‍ ആരോപണ വിധേയനായ കോഴിക്കോട് കോസ്റ്റൽ സ്റ്റേഷൻ സര്‍ക്കിള്‍ ഇൻസ്പെക്‌ടർ പി ആർ സുനുവിനെതിരെയുള്ള അന്വേഷണം തുടരുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു. സിഐ നിലവില്‍ കസ്റ്റഡിയിലാണുള്ളത്. അറസ്റ്റിന് ഇപ്പോൾ ലഭിച്ചിട്ടുള്ള തെളിവുകൾ അപര്യാപ്‌തമാണെന്നും കമ്മിഷണർ അറിയിച്ചു.
'കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. ആരോപണവിധേയനായ പൊലിസ് ഉദ്യോഗസ്ഥന്‍റെ പശ്ചാത്തലം ശരിയല്ല. അതുകൊണ്ടാണ് കസ്റ്റഡിയിൽ എടുത്തത്'. രക്ഷപെടാതിരിക്കാനാണ് കസ്റ്റഡിയിൽ എടുത്തതെന്നും, കേസ് ഗൗരവമുള്ളതാണെന്നും സിഎച്ച് നാഗരാജു പറഞ്ഞു.
ടപരാതിയിൽ കൂടുതൽ പേരുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ചു വരികയാണ്. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ തെളിവ് ഉണ്ടന്നോ, ഇല്ലന്നോ ഇപ്പോൾ പറയാനാകില്ലട. അന്വേഷണം ആ ഒരു ഘട്ടത്തിലാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി.
തൃക്കാക്കര സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കോഴിക്കോട് കോസ്റ്റൽ പൊലീസ് സര്‍ക്കിള്‍ ഇൻസ്പെക്‌ടർ പിആർ സുനുവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തത്. കഴിഞ്ഞ മെയ് മാസത്തിൽ ഇൻസ്പെക്‌ടര്‍ സുനു ഉൾപ്പെടുന്ന സംഘം തൃക്കാക്കരയിൽ വച്ച് തന്നെ ബലാത്സംഗം ചെയ്‌തുവെന്നായിരുന്നു പരാതി. യുവതിയുടെ പരാതിയിൽ കേസെടുത്ത് പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് തൃക്കാക്കര പൊലീസ് കോഴിക്കോടെത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ സുനുവിനെ കസ്റ്റഡിയിലെടുത്തത്.
യുവതിയുടെ ഭര്‍ത്താവ് തൊഴില്‍ തട്ടിപ്പുകേസില്‍പ്പെട്ട് ജയിലിലാണ്. ഇത് മുതലെടുത്ത് സിഐ ഉള്‍പ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. തൃക്കാക്കരയിലെ വീട്ടിൽ വച്ചും പിന്നീട് കടവന്ത്രയിലെത്തിച്ചുമാണ് പീഡനം നടന്നതെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.
കേസിൽ പരാതിക്കാരിയുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. സിഐക്ക് പുറമേ ക്ഷേത്ര ജീവനക്കാരനും വീട്ടുജോലിക്കാരിയും വീട്ടമ്മയുടെ ഭർത്താവിന്‍റെ സുഹൃത്തും ഉൾപ്പെടെയുള്ളവർക്കെതിരെയും പരാതിയിൽ ആരോപണമുന്നയിച്ചിട്ടുണ്ട്. ഇവരെയും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചിരുന്നു.
More Read: ബലാത്സംഗ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍; അറസ്റ്റ് സ്‌റ്റേഷനില്‍ വച്ച്