എറണാകുളം: ജോ ജോസഫിനെ തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം നടന്ന എല്‍.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ ക്യാപ്റ്റൻ എത്തുന്നു എന്ന വാർത്ത വലിയ ആവേശത്തോടെയാണ് ഇടതുമുന്നണി പ്രവർത്തകർ സ്വീകരിച്ചത്. ചികിത്സയ്ക്കായി വിദേശത്തേക്ക് പോയ പിണറായി വിജയൻ മടങ്ങിയെത്തിയ ശേഷം ആദ്യം പങ്കെടുത്ത പ്രധാന പരിപാടിയായിരുന്നു തൃക്കാക്കര കൺവെൻഷൻ. യു.ഡി.എഫിന്‍റെ പൊന്നാപുരം കോട്ട പിടിച്ചെടുക്കാൻ കച്ചകെട്ടിയ എല്‍.ഡി.എഫിന്‍റെ എൻജിന് കരുത്തായി ക്യാപ്റ്റൻ പിണറായി തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്യുമെന്നും വാർത്തകൾ വന്നു.
ALSO READ| ലീഡില്‍ പി.ടിയെ പിന്നിലാക്കി പിന്‍ഗാമി ഉമ, അതുക്കും മേലെ ബെന്നിയെയും പിന്നിട്ട് തേരോട്ടം
അതോടെ, സി.പി.എമ്മും ഇടതുമുന്നണിയും സർവസജ്ജരായി. തെരഞ്ഞെടുപ്പ് കൺവെൻഷനിലെ ഉദ്ഘാടന പ്രസംഗത്തില്‍ പിണറായി നടത്തിയ ഒരു പരാമർശമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആദ്യം യു.ഡി.എഫിന് വീണുകിട്ടിയ ആയുധം. അതിങ്ങനെയാണ്.. പിണറായി പ്രസംഗിക്കുന്നു.. " നമ്മുടെ നാടാകെയും ജനങ്ങൾ ആഗ്രഹിക്കുന്നതുപോലെയും 100 എന്ന സീറ്റിലേക്ക് എത്താനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ഒരിക്കല്‍ പറ്റിയ അബദ്ധം തിരുത്താനുള്ള അവസരം തൃക്കാക്കരയ്ക്ക് ലഭിച്ച സൗഭാഗ്യമായി കാണണം.."
പിണറായി പിന്നെയും ഒരുപാട് കാര്യങ്ങൾ പറഞ്ഞു. പക്ഷേ, പ്രസംഗം തീരുമ്പോഴേക്കും സൗഭാഗ്യമെന്ന പ്രയോഗം പ്രതിപക്ഷവും മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ പരാമർശം പ്രതിഷേധാർഹവും ദുഃഖകരവും മുഖ്യമന്ത്രിക്ക് യോജിക്കാത്തതുമാണെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് പ്രതികരിച്ചു. വി.ഡി സതീശനും കെ സുധാകരനും അത് ഏറ്റെടുത്തു. വലിയ ചർച്ചയായി. പഴയ പരനാറി പ്രയോഗം പോലെ സൗഭാഗ്യ പ്രസംഗം തൃക്കാക്കരയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞിരിക്കണം.
സാബു ജേക്കബ് ശരിക്കും 'ആപ്പായോ': തൃക്കാക്കരയുടെ രാഷ്ട്രീയ ഭൂപടത്തില്‍ ആം ആദ്‌മി പാർട്ടിക്ക് വലിയ സ്വാധീനമുണ്ട്. 13897 വോട്ടുകളാണ് പി.ടി തോമസ് മത്സരിക്കുമ്പോൾ 2021ല്‍ ആം ആദ്‌മി സ്ഥാനാർഥി തൃക്കാക്കരയില്‍ നേടിയത്. അവർക്കൊപ്പം ട്വന്‍റി 20യും കൂടി ചേരുമ്പോൾ തൃക്കാക്കരയില്‍ വലിയ വോട്ട് ബാങ്കാണ്. ആപ്പും ട്വന്‍റി 20യും ഇടത് സർക്കാരിന് എതിരാണെന്ന കാര്യം പകല്‍പോലെ വ്യക്തവുമാണ്.
കെജ്‌രിവാളും സാബു ജേക്കബും ചേരുമ്പോൾ അത് എറണാകുളത്തെ ഒരു വിഭാഗം വോട്ടർമാരെ നന്നായി സ്വാധീനിച്ചിട്ടുണ്ടാകും. തൃക്കാക്കരയില്‍ സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ വോട്ടർമാര്‍ക്ക് മനഃസാക്ഷി വോട്ട് ചെയ്യാമെന്ന ട്വന്‍റി 20 - ആപ്പ് സഖ്യത്തിന്‍റെ പ്രഖ്യാപനം കൂടിയായപ്പോൾ അത് ഉമ തോമസിന്‍റെ വിജയം ഉറപ്പാക്കുകയായിരുന്നു.