എറണാകുളം: തൃക്കാക്കര നഗരസഭ അധ്യക്ഷ കൗൺസിലർമാർക്ക് ഓണപ്പുടവയ്‌ക്കൊപ്പം പതിനായിരം രൂപ നല്‍കിയ സംഭവത്തിൽ കോൺഗ്രസിന്‍റെ ആഭ്യന്തര അന്വേഷണം ഇന്ന് തുടങ്ങും. കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയുടെ അധ്യക്ഷ അജിത തങ്കപ്പൻ ഓണപ്പുടവയ്ക്കൊപ്പം പണം വിതരണം ചെയ്തതെന്നാണ് പ്രതിപക്ഷ കൗൺസിലർമാരുടെ ആരോപണം. ചില ഭരണപക്ഷ കൗൺസിലർമാരും ഇത് ശരിവെച്ചിരുന്നു.
Read More: കൗൺസിലർമാർക്ക് ഓണപ്പുടവയ്‌ക്കൊപ്പം പതിനായിരം രൂപ ; വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി
ഡി.സി.സി വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷ കമ്മിഷനാണ് തെളിവെടുപ്പ് നടത്തുന്നത്. അജിത തങ്കപ്പനിൽ നിന്നും കൗൺസിലർമാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. വീഴ്‌ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് തൃക്കാക്കര എം.എൽ.എ കൂടിയായ പി.ടി.തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം അധ്യക്ഷയുടെ നടപടിക്കെതിരെ എൽഡിഎഫ് കൗൺസിലർമാർ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലും അന്വേഷണം ഉടൻ തുടങ്ങിയേക്കും.
ഓഗസ്റ്റ് 17ന് അധ്യക്ഷ അജിത തങ്കപ്പന്‍ കൗണ്‍സിലര്‍മാരെ ചേംബറിലേക്ക് വിളിപ്പിച്ച് വാര്‍ഡുകളില്‍ വിതരണം ചെയ്യാനായി 15 ഓണക്കോടി വീതം നല്‍കിയത്. ഇതോടൊപ്പം പതിനായിരം രൂപയുടെ ഒരു കവറും നൽകി. തുടർന്ന് എൽഡിഎഫ് കൗൺസിലർമാർ പണം അടങ്ങിയ കവർ തിരികെ നൽകുകയായിരുന്നു.
പതിനായിരം രൂപ വീതം ഓരോ കൗണ്‍സിലര്‍മാര്‍ക്കും നല്‍കാനുള്ള പണം എവിടെ നിന്ന് ലഭിച്ചുവെന്നത് ദുരൂഹമാണെന്നാണ് പ്രതിപക്ഷം പറയുന്നത്. നഗരസഭയില്‍ നടക്കുന്ന അഴിമതിക്ക് ലഭിച്ച കമ്മിഷന്‍ തുകയുടെ പങ്കാണ് കൗണ്‍സിലര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമിച്ചതെന്ന് സംശയിക്കുന്നതായി വിജിലന്‍സിന് നല്‍കിയ പരാതിയില്‍ പ്രതിപക്ഷം ആരോപിക്കുന്നു.