എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ ഭാഗമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ ജില്ലയില്‍. എറണാകുളം ഗസ്റ്റ് ഹൗസിൽ കലക്ടർ ജാഫർ മാലിക് അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് ഉപതെരഞ്ഞെടുപ്പ് വരണാധികാരിയായ വിധു.എ മേനോനുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിക്കാഴ്ച നടത്തി.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന പ്രവർത്തനങ്ങൾ വരണാധികാരി വിശദീകരിച്ചു. വെള്ളിയാഴ്ച(മേയ് 20) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന വിവിധ ഔദ്യോഗിക യോഗങ്ങളിൽ സഞ്ജയ് കൗള്‍ പങ്കെടുത്തു.
കൂടാതെ വോട്ടെണ്ണൽ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളജ് ലൈബ്രറി ഹാളും വിവിധ പോളിങ് സ്‌റ്റേഷനുകളും അദ്ദേഹം സന്ദർശിച്ചു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്റ്റോ റൂം, പോളിങ് ഉദ്യോഗസ്ഥർക്കുള്ള വിതരണ-സ്വീകരണ കേന്ദ്രം എന്നിവയും ഇവിടെയാണ് സജ്ജീകരിച്ചിരിക്കുന്നത്.
കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകരായ ഗിരീഷ് ശർമ, ആർ.ആർ.എൻ ശുക്ല എന്നിവരുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിക്കാഴ്ച നടത്തി. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനായി കലക്ടറേറ്റ് വളപ്പിൽ സജ്ജമാക്കിയിട്ടുള്ള വെയർ ഹൗസിന്റെ ഉദ്ഘാടനം ശനിയാഴ്‌ച(മേയ് 21) രാവിലെ 10.30 ന് അദ്ദേഹം നിർവഹിക്കും.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സുരക്ഷ സേനകളുടെ മേധാവികളുമായി നടത്തിയ യോഗത്തിലും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പങ്കെടുത്തു.