എറണാകുളം: ഇടപ്പള്ളിയിൽ മൂന്നുനില കെട്ടിടത്തിന് തീപിടിച്ചു. ഫയർഫോഴ്സെത്തി തീയണച്ചു. കുന്നുംപുറം പ്രദേശത്ത് രാവിലെ ഏഴ് മണിയ്‌ക്കാണ് സംഭവം. കെട്ടിടത്തിൽ കുടങ്ങിയ 10 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു. പുക ഉയര്‍ന്നതോടെ നാട്ടുകാരുടെയും ഫയർഫോഴ്‌സിന്‍റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയവരുടെ കൂട്ടിരിപ്പുകാരായിരുന്നു ഈ കെട്ടിടത്തിൽ താമസിച്ചിരുന്നത്. ഇവരിൽ ചിലർ തീപടരുന്നതിനിടെ താഴത്തെ നിലയിലേക്ക് ചാടി രക്ഷപ്പെട്ടു. ഇവർക്ക് പരിക്കേറ്റു. ഫയർഫോഴ്‌സിന്‍റെ മൂന്ന് യൂണിറ്റുകൾ രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ALSO READ: Illegal liquor: ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച രണ്ട് പേർ മരിച്ചു
കെട്ടിടത്തിന്‍റെ മുകൾ ഭാഗം അലൂമിനിയം ഷീറ്റ് ഉപയോഗിച്ച് മറച്ച് നിലയിലായിരുന്നു.
കെട്ടിടത്തിന് ആവശ്യമായി എൻ.ഒ.സി ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ ആളുകൾക്ക് രക്ഷപ്പെടുന്നതിനുള്ള വഴിയില്ലായിരുന്നു. തീപടർന്നത് പകൽ സമയത്തായതിനാലാണ് ആളപായം ഉണ്ടാകാതിരുന്നത്. ഷോട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.