എറണാകുളം: സ്വന്തം സഭയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കാത്തവരാണ് ഓർത്തഡോക്‌സ് യാക്കോബായ സഭകൾ തമ്മിലുളള പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നോട്ടു വരുന്നതെന്ന് തോമസ് പോൾ റമ്പാൻ. നാളുകളായി തുടരുന്ന യാക്കോബായ- ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ചൂണ്ടിക്കാട്ടി മറ്റ് സഭകളിലെ മേലധ്യക്ഷന്മാർ നൽകിയ കത്തിനോട് പ്രതികരിക്കുകയായിരുന്നു തോമസ് പോൾ റമ്പാൻ. അതേസമയം കോതമംഗലം ചെറിയപള്ളി സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് എത്രയും വേഗം നടപ്പാക്കണമെന്ന് തോമസ് പോൾ റമ്പാൻ ഇടിവി ഭാരതിനോട് പറഞ്ഞു.
ഹൈക്കോടതിയുടെ ഉത്തരവ് കൈയ്യിൽ ലഭിച്ചാലുടൻ നടപടികളുമായി മുന്നോട്ടു പോകും. കലക്‌ടർ ഉത്തരവാദിത്വമേറ്റെടുത്ത് വിധി നടപ്പാക്കിത്തരും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കോതമംഗലത്തെ മത മൈത്രി സംഘടന ഉൾപ്പടെയുള്ളവരുടെ കൂട്ടായ്‌മ രൂപീകരിച്ചത് താൽക്കാലികമായിട്ടാണെന്നും ഇതൊന്നും കോടതി വിധി നടപ്പാക്കുന്നതിൽ തടസമാകില്ലെന്നും തോമസ് പോൾ റമ്പാൻ വ്യക്തമാക്കി.
പാത്രിയർക്കീസ് ബാവ അയച്ച കത്ത് പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവക്ക് ലഭിക്കുന്നതിനു മുൻപ് പൊതുസമൂഹത്തിനാണ് ലഭിച്ചത്. അതിന് മറുപടി കൊടുക്കേണ്ട സാഹചര്യം നിലവിലില്ലെന്നും 1934 ഭരണഘടന അനുസരിച്ച് പാത്രിയർക്കീസ് ബാവായ്ക്ക് നൽകേണ്ട അവകാശങ്ങളിൽ നിന്ന് സഭയ്ക്ക് പിന്നോട്ട് പോകാൻ കഴിയില്ലെന്നും ഭരണഘടനയിൽ പറയുന്നത് പാത്രിയർക്കീസ് ബാവ തിരിച്ചും അംഗീകരിക്കണമെന്നും തോമസ് പോൾ റമ്പാൻ വ്യക്തമാക്കി. കോതമംഗലം പള്ളിയിൽ ഇനിയും യാക്കോബായ വിഭാഗത്തിന്‍റെ പ്രതിഷേധങ്ങൾ ഉണ്ടായാൽ വീണ്ടും കോടതിയെ സമീപിക്കുമെന്നും കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഏതൊരു ചർച്ചയ്ക്കും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.