എറണാകുളം: ശബരിമല വിഷയത്തിൽ തെറ്റുപറ്റിയെന്ന് പാർട്ടി സെക്രട്ടറി ഉൾപ്പെടെ പറയുമ്പോൾ കേരളത്തിലെ പൊതുസമൂഹത്തോട് മുഖ്യമന്ത്രി പരസ്യമായി മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥർ പോലും സർക്കാർ പറയുന്നത് ചെവിക്കൊള്ളുന്നില്ലെന്നും ഭരണ സംവിധാനം മുന്നോട്ടു നീങ്ങാത്ത സാഹചര്യത്തിൽ ജനങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെട്ട സർക്കാരാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സമിതിയുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ മധ്യമേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ്.
ഉപദേശകന്മാരെ തട്ടി സെക്രട്ടറിയേറ്റിൽ നടക്കാൻ സാധിക്കുന്നില്ല. ക്യാബിനറ്റ് പദവിക്ക് തുല്യമായ ശമ്പളവും ആനുകൂല്യങ്ങളും നൽകി വേലപ്പൻ നായരെ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽ നിയമിച്ചത് ലാവലിൻ കേസ് നടത്താൻ സഹായിച്ചതിന്റെ ഉപകാരസ്മരണയാണ്. തോറ്റ ഒരു എംപിയെ ഡൽഹിയിലെ കേരള ഹൗസിൽ സർക്കാരിന്റെ പ്രത്യേക പദവി നൽകി നിയോഗിച്ചതിന്റെ ആവശ്യകത വ്യക്തമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.