എറണാകുളം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷിന്‍റെയും സന്ദീപ് നായരുടെയും കൊവിഡ് ഫലം നെഗറ്റീവ്. ഇതോടെ ഇരുവരേയും തിങ്കളാഴ്ച എന്‍.ഐ.എ കസ്റ്റഡിയില്‍ വാങ്ങാനുള്ള സാധ്യതയേറി. കൊവിഡ് പരിശോധനാഫലം ലഭിക്കാത്തതിനാല്‍ ഞായറാഴ്ച വൈകിട്ടോടെ ഇവരെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
ഞായറാഴ്ച അവധി ദിവസമായിരിന്നിട്ടും കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് കോടതി തുറന്നത്. വൈകിട്ട് നാല് മണിയോടെ ചേംബറിലെത്തിയ എൻ.ഐ.എ പ്രത്യേക കോടതി ജഡ്ജി പി കൃഷ്ണകുമാർ കേസ് പരിഗണിച്ച് സ്വപ്നയേയും സന്ദീപിനെയും മൂന്ന് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
പ്രതികൾക്ക് വേണ്ടി എൻ.ഐ.എ കസ്‌റ്റഡി അപേക്ഷ സമർപ്പിച്ചു. ഇത് തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കുകയാണ്. കൊവിഡ് പരിശോധനാ ഫലം ലഭിക്കാനുള്ളതിനാലാണ് സന്ദീപ് നായരെ അങ്കമാലിയിലുള്ള നിരീക്ഷണ കേന്ദ്രത്തിലേക്കും, സ്വപ്ന സുരേഷിനെ തൃശൂരിലെ നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റിയത്. എന്നാല്‍ ഞായറാഴ്ച രാത്രി പത്തരയോടെ ഇരുവരുടെയും പരിശോധന ഫലം നെഗറ്റീവാണെന്ന വാര്‍ത്ത പുറത്തുവന്നു. അതിനാല്‍ ഇരുവരെയും തിങ്കളാഴ്ച രാവിലെ തന്നെ വീണ്ടും കോടതിയില്‍ ഹാജരാക്കിയേക്കും. ശേഷം എന്‍.ഐ.എയുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ച് ചോദ്യം ചെയ്യലിനായി വിട്ടു കൊടുക്കും.
ശനിയാഴ്ച രാത്രിയോടെ ഇരുവരേയും ബെംഗളൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് ഞായാറാഴ്ച പുലര്‍ച്ചെയോടെ അറസ്റ്റ് രേഖപ്പെടുത്തി കൊച്ചിയിലെത്തിച്ചു. എൻ.ഐ.എക്ക് വേണ്ടി പ്രോസിക്യൂട്ടർ അർജുൻ ഹാജരായി. എന്നാൽ പ്രതികൾക്ക് വേണ്ടി പ്രത്യേക അഭിഭാഷകർ ഇല്ലാത്തതിനാൽ കെൽസയിൽ നിന്നുള്ള അഭിഭാഷകയാണ് ഹാജരായത്. കോടതി നിർദേശപ്രകാരമാണ് പ്രതികൾക്ക് വേണ്ടി ഹാജരായതെന്ന് കെൽസ അഭിഭാഷക വിജയ പറഞ്ഞു.
.